ജെ.എന്‍.യുവില്‍ ഒരുസംഘം വിദ്യാര്‍ഥികള്‍ അഫ്സല്‍ ഗുരുവിന്റെ ജന്മദിനത്തില്‍ അനുസ്മരണം നടത്തിയതിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നാതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും കൊണ്ടാണ് ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി(ജെ.എന്‍.യു.)യിലെ അഫ്‌സല്‍ ഗുരു അനുസ്മരണം ജന ശ്രദ്ധ നേടിയത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ 2013ലാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. ഇത് ജുഡീഷ്യല്‍ കൊലപാതകമാണെന്ന് ആരോപിച്ചാണ് ജെ.എന്‍.യുവില്‍ ഒരുസംഘം വിദ്യാര്‍ഥികള്‍ അഫ്സല്‍ ഗുരുവിന്റെ ജന്മദിനത്തില്‍ അനുസ്മരണം നടത്തിയത്.
അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിക്കാനായി ജെ.എന്‍.യു. സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ കാമ്പസിനകത്ത് അഫ്സല്‍ ഗുരു അനുസ്മരണം നടത്താന്‍ തീരുമാനിക്കുന്നു.
ജെ.എന്‍.യുവിലെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഇതിനെതിരെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് പരിപാടിക്ക് അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുന്നു.
ഇതേതുടര്‍ന്ന ജെ.എന്‍.യു. അധികൃതര്‍ നടത്തിയ അന്വേഷണത്തിന് ശേഷം പരിപാടിക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിക്കുന്നു.
വ്യാഴാഴ്ച ജെ.എന്‍.യു. സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ കാമ്പസിനകത്ത് അഫ്സല്‍ ഗുരു അനുസ്മരണം നടത്തുന്നു. സാംസ്‌കാരിക പരിപാടിയും അഫ്സല്‍ ഗുരുവിനെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനവും ഇതോടൊപ്പം നടത്തി. ഇതിനിടെ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെയും രാജ്യത്തിനെതിരെയും മുദ്രാവാക്യങ്ങള്‍ ഉയരുന്നു.
സംഭവം എ.ബി.വി.പിയും ഡല്‍ഹിയില്‍നിന്നുള്ള ബി.ജെ.പി എം.പിയും ഡല്‍ഹി പൊലീസില്‍ അറിയിക്കുന്നു. സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു.
ജെ.എന്‍.യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് ആരായാലും നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കുന്നു.
ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച കനയ്യ കുമാറിനെ രാജ്യദ്രാഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നു.
അച്ചടക്ക നടപടിയുടെ ഭാഗമായി ജെ.എന്‍.യു. അധികൃതര്‍ എട്ട് വിദ്യാര്‍ഥികളെ പുറത്താക്കുന്നു.
ജെ.എന്‍.യു പ്രശ്നത്തില്‍ ഉചിത നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തങ്ങളുടെ സൈനിക ബഹുമതികള്‍ തിരികെ നല്‍കുമെന്ന് ശനിയാഴ്ച മുന്‍ സൈനികര്‍ പ്രഖ്യാപിച്ചു.
കേസില്‍ ആരോപണ വിധേയരായ ആറ് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ജെ.എന്‍.യു. വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു.
സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ ജെ.എന്‍.യു. വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി ഇടത് പാര്‍ട്ടികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍വ്വകലാശാലയിലെ പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥയില്‍ ജെ.എന്‍.യുവില്‍ സംഭവിച്ചത് ആവര്‍ത്തിക്കുകയാണെന്ന് ജെ.എന്‍.യു. മുന്‍ വിദ്യാര്‍ത്ഥി കൂടിയായ സീതാറാം യെച്ചൂരി.
ജെ.എന്‍.യു. അടച്ചുപൂട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെമന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. രാജ്യത്തെ പുരോഗമനശക്തികളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും തിവാരി.
ജെ.എന്‍.യുവിലെ അഫ്‌സല്‍ ഗുരു അനുസ്മരണം ലഷ്‌കര്‍ ഇ തോയ്ബുടെ പിന്തുണയോടെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിംഗ്.
സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ മകള്‍ അപരാജിതയ്‌ക്കെതിരെയും രാജ്യദ്രോഹകുറ്റം. അപരാജിതയുള്‍പ്പടെ 10 പേരെ പിടികൂടാന്‍ ഡല്‍ഹി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
ജെ.എന്‍.യു സംഭവത്തിന് ഭികരബന്ധമെന്ന് ഡല്‍ഹി പൊലീസ്. എന്‍.ഐ.എ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയ്ക്ക് നേരെ വിദ്യാര്‍ഥികള്‍ ആക്രമണം നടത്തി. ആനന്ദ് ശര്‍മയുടെ തലക്ക് പിന്നില്‍ മര്‍ദ്ദനം ഏല്‍ക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ എ.ബി.വി.പിയാണെന്ന് ആക്ഷേപം.
ജെ.എന്‍.യുവിലെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് പിന്നില്‍ എ.ബി.വി.പിയാണെന്ന് കാണിക്കുന്ന വീഡിയോകളുമായി എതിര്‍ പക്ഷം. വ്യാജ വീഡിയോ ആണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും എ.ബി.വി.പി.
സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവന് നേരെ ആക്രമണം. ആക്രമണത്തിനെത്തിയ ഒരാള്‍ പിടിയില്‍. ആം ആദ്മി സേന എന്ന തൊപ്പി വച്ചവരാണ് ആക്രമണത്തിന് പിന്നില്‍. വിഷയം രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.