ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമ്പോഴും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ നോട്ടുകള്‍ തന്നെവേണം.
15,000 രൂപയാണ് കെട്ടിവെക്കേണ്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ റിട്ടേണിങ് ഓഫീസര്‍ക്കുതന്നെ തുക കൈമാറണം. അവിടെയുള്ള ബാങ്ക് ഉദ്യോഗസ്ഥന്‍ തുക എണ്ണിത്തിട്ടപ്പെടുത്തും. പണം നേരിട്ട് കൈമാറുന്നതിന് പകരം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യാം. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം ഇതിന്റെ രസീത് സമര്‍പ്പിക്കണം. ചെക്ക് ഉപയോഗിച്ചോ ഡിജിറ്റലായോ തുക അടയ്ക്കാന്‍ കഴിയില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
15 പേരാണ് ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തിനാല്‍ ഏഴുപേരുടെ പത്രികകള്‍ തള്ളി. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇനി നടക്കാനുണ്ട്. ജൂലായ് 17 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. 20 നാണ് വോട്ടെണ്ണല്‍.
Share this Article
Related Topics