ന്യൂഡല്‍ഹി: സൈനിക ബഹുമതിയായ അശോക ചക്രം സമര്‍പ്പിക്കുന്നതിനിടെ വികാരാധീനനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സമാധാനകാലത്തെ പരമോന്നത സൈനികബഹുമതിയായ അശോക ചക്രം വ്യോമസേനയിലെ കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലയ്ക്ക് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കുന്ന ചടങ്ങിലാണ് അദ്ദേഹം കണ്ണുനീരണിഞ്ഞത്.
കശ്മീരില്‍ ഭീകരരെ നേരിടുന്നതിനിടയില്‍ വീരമൃത്യുവരിച്ച ജ്യോതി പ്രകാശ് നിരാല അശോകചക്രം ലഭിക്കുന്ന മൂന്നാം വ്യോമസേനാംഗമാണ്. അദ്ദേഹത്തിന്റെ ഭാര്യ സുഷമാനന്ദ്, അമ്മ മാലതി ദേവി എന്നിവര്‍ക്കാണ് റിപ്പബ്ലിക് ഡേയോട് അനുബന്ധിച്ചുള്ള ചടങ്ങില്‍വെച്ച് അശോകചക്രം നല്‍കിയത്. പുരസ്‌കാര ദാനത്തിനു ശേഷം ഇരിപ്പിടത്തില്‍ ഇരുന്ന രാഷ്ട്രപതിയുടെ കണ്ണുകള്‍ നിറഞ്ഞു. തുടര്‍ന്ന് അദ്ദേഹം തന്റെ കണ്ണടയൂരുകയും കണ്ണുകള്‍ തുടയ്ക്കുകയും ചെയ്തു.
കഴിഞ്ഞ നവംബര്‍ 18-ന് ജമ്മുകശ്മീരിലെ ഹാജിന്‍ മേഖലയില്‍ ലഷ്‌കറെ തൊയ്ബയുടെ പ്രമുഖ നേതാക്കളെ വധിച്ച സൈനികനടപടിയില്‍ അസാമാന്യ ധീരതയാണ് ജ്യോതിപ്രകാശ് പ്രകടിപ്പിച്ചത്. വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോസംഘത്തില്‍ അംഗമായിരുന്നു നിരാല. ഗരുഡ് കമാന്‍ഡോകളും കരസേനയുടെ രാഷ്ടീയ റൈഫിള്‍സും ചേര്‍ന്ന് നടത്തിയ സൈനികനടപടിയില്‍ ആറു ഭീകരരെ വധിച്ചിരുന്നു.
ഒരു അശോകചക്രവും ഒരു കീര്‍ത്തിചക്രവും 14 ശൗര്യചക്രവുമടക്കം രാഷ്ട്രപതിയുടെ 390 സൈനിക മെഡലുകളാണ് റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്തത്.
Content Highlight: President turns emotional, Republic day,Ram Nath Kovind, Ashok Chakra, Jyoti Prakash Nirala