ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഒമ്പതുദിവസത്തെ വിദേശപര്യടനം തിങ്കളാഴ്ച ആരംഭിക്കും. ഐസ്‌ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക.
സുസ്ഥിരവികസനം, വിനോദസഞ്ചാരം, ശാസ്ത്രസാങ്കേതികം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുകയെന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
സെപ്റ്റംബര്‍ ഒമ്പതിന് ഐസ്‌ലാന്‍ഡിലെത്തുന്ന രാംനാഥ് കോവിന്ദ്, അവിടുത്തെ പ്രസിഡന്റ് ഗുഡ്‌നി ജോഹാന്‍സണും പ്രധാനമന്ത്രി കാട്രിന്‍ ജേക്കബ്‌സ്‌ഡോട്ടിറുമായും കൂടിക്കാഴ്ച നടത്തും. ഐസ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം പ്രഭാഷണവും നടത്തും.
സെപ്റ്റംബര്‍ പതിനൊന്നിന് സ്വിറ്റ്‌സര്‍ലാന്‍ഡിലെത്തുന്ന രാഷ്ട്രപതി അവിടുത്തെ പ്രസിഡന്റും മന്ത്രിസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ പതിനഞ്ചിനാണ് രാഷ്ട്രപതി സ്ലോവേനിയയിലെത്തുക. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി സ്ലോവേനിയ സന്ദര്‍ശിക്കുന്നത്.
ഭാര്യ സവിതാ കോവിന്ദും വനിതാ-ശിശുക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ ചൗധരി, എം പിമാരായ രമാപതി രാം ത്രിപാഠി, ബസന്തകുമാര്‍ ഉള്‍പ്പെടെയുള്ളവരും രാംനാഥ് കോവിന്ദിനെ അനുഗമിക്കും.
content highlights: president ramnath kovind to visit iceland,switzerland,slovenia