ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച യാത്ര തിരിച്ചു. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദര്‍ശനം. ബെനിൻ, ഗിനിയ, ഗാംബിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുക.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുള്ള ആദ്യപടിയായാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദര്‍ശനം. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് സന്ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രത്തലവനാണ് രാംനാഥ് കോവിന്ദ്. കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയും ലോക്‌സഭാംഗമായ ദിലീപ് ഘോഷും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
ഞായറാഴ്ച ഉച്ചയോടെ ബെനിലിലെ കോട്ടനോവയിലെത്തുന്ന രാഷ്ട്രപതി ബെനിന്‍ പ്രസിഡന്റ് പട്രിസ് ടാലനുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം പോര്‍ട്ടോ നോവയിലെത്തുന്ന രാഷ്ട്രപതി നാഷണല്‍ അസംബ്ലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിന് ശേഷം രാഷ്ട്രപതിക്കായി ബെനിൻ പ്രസിഡന്റ് ഒരുക്കുന്ന പ്രത്യേക വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും. ജൂലായ് 30 ന് ഗാംബിയയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് കോട്ടോനോവിലെ ഇന്ത്യാക്കാര്‍ സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും.
തുടര്‍ന്ന് 31 ന് അദ്ദേഹം ഗാംബിയന്‍ തലസ്ഥാനമായ ബംജൂളില്‍ ഗാംബിയന്‍ പ്രസിഡന്റ് അഡാമോ ബാറോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നാഷണല്‍ അസംബ്ലിയില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. മഹാത്മാഗാന്ധിയെ കുറിച്ചും ഖാദി ഉത്പന്നങ്ങളെ കുറിച്ചുമുള്ള പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ശേഷം ഇന്ത്യാക്കാര്‍ നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും.
ഓഗസ്റ്റ് ഒന്നിന് ഗിനിയയിലെത്തുന്ന രാഷ്ട്രപതിയെ പ്രസിഡന്റ് ആല്‍ഫ കോണ്ടേ സ്വീകരിക്കും. തൊട്ടടുത്ത ദിവസം ഇരു രാഷ്ട്രത്തലവന്മാരുമായി ഔദ്യോഗിക ചര്‍ച്ച നടത്തും. രാഷ്ട്രപതിയുടെ സന്ദര്‍ശനം രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രാം നാഥ് കോവിന്ദിന്റെ നാലാം ഔദ്യോഗിക ആഫ്രിക്കന്‍ സന്ദര്‍ശനമാണിത്.
രാഷ്ട്രപതി രാവിലെ യാത്ര തിരിക്കുന്നതിന്റെ വീഡിയോ വിദേശകാര്യ മന്ത്രാലയവക്താവ് രവീഷ് കുമാര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.
Content Highlights: President Ram Nath Kovind's visit to three West African countries