ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വ്യാപകമാകുമ്പോഴും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമങ്ങളെന്ന് ദേശീയ വനിതാ കമ്മീഷന്‍. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരായ നിയമങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു.
'തൊഴിലിടങ്ങളിലെ ലൈംഗികചൂഷണത്തിനെതിരായ നിയമങ്ങള്‍ പര്യാപ്തമല്ല. നിയമങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. രേഖാ ശര്‍മ്മ പറഞ്ഞു.' സമൂഹത്തിലെ പല ഉന്നതര്‍ക്കുമെതിരേ സ്ത്രീകള്‍ മീടൂ തുറന്നുപറച്ചില്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് രേഖാ ശര്‍മ്മയുടെ പ്രസ്താവന.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികചൂഷണങ്ങള്‍ക്ക് തടയിടാന്‍ 2013ലാണ് എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ഉണ്ടാവേണ്ടതാണെന്ന് നിബന്ധന വന്നത്. 1997ല്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നതാണ്. നിര്‍ഭയ കേസോടെയാണ് ഈ നിയമത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന നിഗമനത്തില്‍ എത്തിയതും തൊഴിലിടങ്ങളില്‍ കമ്മിറ്റികള്‍ വേണമെന്ന് കര്‍ശന നിര്‍േദശം വന്നത്.
അതിനിടെ സ്ത്രീകള്‍ക്ക് പരാതി നേരിട്ട് സമര്‍പ്പിക്കാന്‍ വനിതാശിശുക്ഷേമ മന്ത്രാലയം ഒരു ഇമെയില്‍ സംവിധാനവും ഒരുക്കിയിരുന്നു. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി സാമൂഹികമാധ്യമങ്ങളിലൂടെ നിരവധി പേര്‍ തുറന്നുപറച്ചില്‍ നടത്തിയതോടെ ഇവയിലൊക്കെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മന്ത്രി മനേകാ ഗാന്ധി വനിതാ കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമല്ല നിലവിലെ നിയമങ്ങളെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചത്.