ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പൂവാല വിരുദ്ധ സേനയേയും (ആന്റി റോമിയോ സ്ക്വാഡ്) ശ്രീകൃഷ്ണനേയും ബന്ധിപ്പിച്ചു കൊണ്ട് പരാമർശം നടത്തിയ എഎപി മുന്‍ നേതാവ് പ്രശാന്ത് ഭൂഷന്‍ വിവാദത്തിൽ. പൂവാല വിരുദ്ധ സേനയുടെ പ്രവര്‍ത്തനം ശ്രീകൃഷ്ണനെ അപമാനിക്കുന്നതാണെന്ന പ്രശാന്ത് ഭൂഷന്റെ ട്വീറ്റാണ് വിവാദത്തിലായത്. പ്രശാന്ത് ഭൂഷന്റെ പരാമര്‍ശം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് നിരവധി കോണുകളില്‍നിന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.
ഷേക്‌സ്പിയറുടെ കഥാപാത്രമായ റോമിയോയെ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കുറിക്കാന്‍ ഉപയോഗിക്കുന്നതിനെ പ്രശാന്ത് ഭൂഷന്‍ പരിഹസിച്ചു. റോമിയോ ഒരു സ്ത്രീയെ മാത്രമാണ് പ്രണയിച്ചത്. കൃഷ്ണനാകട്ടെ സ്ത്രീകളെ ശല്യപ്പെടുത്തുകയായിരുന്നു, ഈ സംഘത്തെ ആന്റി കൃഷ്ണ സ്‌ക്വാഡ് എന്ന് വിളിക്കാന്‍ ആദിത്യനാഥിന് ധൈര്യമുണ്ടോയെന്നും പ്രശാന്ത് ഭൂഷന്‍ തന്റെ ട്വീറ്റില്‍ ചോദിക്കുന്നു.
ഉത്തര്‍ പ്രദേശില്‍ സ്ത്രീകളെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന പ്രത്യേക വിഭാഗമാണ് ആന്റി റോമിയോ സ്‌ക്വാഡ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാഗ്ദാനങ്ങിലൊന്നായ ആന്റി റോമിയോ സ്‌ക്വാഡ്, യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഉടന്‍ തന്നെ രംഗത്തുവന്നിരുന്നു.
ആന്റി റോമിയോ സ്‌ക്വാഡിനെതിരായി നിരവധി വിമര്‍ശനങ്ങളും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്നിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം പോയ പുരുഷന്‍മാരുടെ തല മുണ്ഡനം ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രശാന്ത് ഭൂഷന്‍ ട്വിറ്ററിലൂടെ ആന്റി റോമിയോ സ്‌ക്വാഡിനെ പരിഹസിച്ചത്.
നിരവധി പേര്‍ പ്രശാന്ത് ഭൂഷന്റെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. ഈ പരാമര്‍ശം ദൈവത്തെ അപഹസിക്കുന്നതാണെന്ന് ബിജെപിയുടെ ഡല്‍ഹി വക്താവ് തജീന്ദര്‍ ബഗ്ഗ ആരോപിച്ചു. പ്രശാന്ത് ഭൂഷനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രശാന്ത് ഭൂഷനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്‍ പിന്നീട് മറ്റൊരു ട്വീറ്റും ചെയ്തു. ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവൃത്തികള്‍, കൃഷ്ണനെ പോലും പൂവാലനായി ചിത്രീകരിക്കുന്നതാണെന്ന് ഈ ട്വീറ്റില്‍ പറയുന്നു.