ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അന്വേഷണം നേരിടുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ കൊലപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രത്യക്ഷപ്പെട്ടതെന്ന പേരില്‍ വാട്‌സ് ആപ്പിലും മറ്റും പചരിക്കുന്ന പോസ്റ്ററുകളേക്കുറിച്ച് പോലീസിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ല. കനയ്യക്ക് പുറമേ കസ്റ്റഡിയില്‍ തുടരുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികളായി ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരേയും കൊലപ്പെടുത്തണമെന്ന് പോസ്റ്ററില്‍ പറയുന്നു. കനയ്യകുമാറിന് കഴിഞ്ഞ ദിവസമാണ് ജാമ്യമനുവദിച്ചത്.
കനയ്യയെ കൊലപ്പെടുത്തിയാല്‍ 11 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പോസ്റ്റര്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. ജന്തര്‍മന്ദറില്‍ കണ്ടതെന്ന് അവകാശപ്പെട്ട പുതിയ പോസ്റ്റര്‍ പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്താനായില്ല.
ജെ.എന്‍.യുവിലെ രാജ്യദ്രോഹികളെ കൊല്ലേണ്ടത് രാഷ്ട്രധര്‍മമാണെന്ന് ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്റര്‍. ഫോണ്‍ നമ്പറും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും പോസ്റ്ററിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും പോസ്റ്ററില്‍ വിമര്‍ശിക്കുന്നുണ്ട്.
ബല്‍ബീര്‍ സിങ് ഭാരതീയ എന്ന സാമൂഹ്യപ്രവര്‍ത്തനകന്റെ പേരിലാണ് പോസ്റ്റര്‍. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത വ്യക്തിയാണ് ഇദ്ദേഹം.