പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേത്, ഒരുനാള്‍ നമ്മുടെ നിയന്ത്രണത്തിലാകും - വിദേശകാര്യമന്ത്രി


ലോകത്ത് ഏതെങ്കിലും രാജ്യം അയല്‍രാജ്യത്തിനെതിരെ ഭീകരതയെ നയമായി സ്വീകരിച്ചിട്ടുണ്ടോയെന്നും എസ്. ജയശങ്കര്‍ ചോദിച്ചു.

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭാവിയില്‍ പ്രദേശം ഇന്ത്യയുടെ നിയന്ത്രണത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാക് അധിനിവേശ കശ്മീരിനെപ്പറ്റിയുള്ള തങ്ങളുടെ നിലപാട് ഇപ്പോഴും എപ്പോഴും വ്യക്തമാണ്. ഭാവിയില്‍ പ്രദേശം ഇന്ത്യയുടെ നിയന്ത്രണത്തില്‍ വരുന്ന ദിവസം ഉണ്ടാകും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം മോദി സര്‍ക്കാര്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നിലപാട് വ്യക്തമാക്കിയത്.

കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ നടത്തുന്നതിനോടുള്ള പ്രതികരണമാണ് മന്ത്രി നടത്തിയത്. ആര്‍ട്ടിക്കിള്‍ 370 അല്ല പാകിസ്താനില്‍ നിന്നുള്ള ഭീകരതയാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏതെങ്കിലും രാജ്യം അയല്‍രാജ്യത്തിനെതിരെ ഭീകരതയെ നയമായി സ്വീകരിച്ചിട്ടുണ്ടോയെന്നും എസ്. ജയശങ്കര്‍ ചോദിച്ചു.

കശ്മീരിനെപ്പറ്റിയല്ല ഇനി പാക് അധീന കശ്മീരിനെപ്പറ്റി മാത്രമേ പാകിസ്താനുമായി ചര്‍ച്ച നടത്തുകയുള്ളുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മുമ്പ് പ്രസ്താവനകള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശവും വന്നിരിക്കുന്നത്.

Content Highlights: PoK is a part of India and we expect one day we will have physical jurisdiction over it said EAM

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram