ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജുഡീഷ്യറിയെയും ഡല്‍ഹി സര്‍ക്കാരിനെയും പ്രധാനമന്ത്രി ഒരു പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ട്വിറ്ററിലൂടെയാണ് അരവിന്ദ് കെജ്രിവാള്‍ മോദിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ കൈകാര്യം ചെയ്യുന്നതുപോലെയാണ് രാജ്യത്തെ നിയമസംവിധാനത്തെയും പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്നതെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലംമാറ്റങ്ങള്‍ നല്‍കുന്നതും അടക്കമുള്ള നിരവധി വിഷയങ്ങളില്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ഏറ്റമുട്ടലുകള്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് കെജ്രിവാളിന്റെ പരാമര്‍ശം. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം തടസ്സങ്ങള്‍ ഉണ്ടാക്കുകയാണെന്ന് നേരത്തെയും കെജ്രിവാള്‍ ആരോപിച്ചിരുന്നു. ലഫ്.ഗവര്‍ണര്‍ അനില്‍ ബാനര്‍ജിയില്‍നിന്ന് സര്‍ക്കാര്‍ നയങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാന്‍ ഏറെ കഷ്ടപ്പെടുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.
നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിര്‍ദേശിച്ചുകൊണ്ടുള്ള കൊളീജിയം ശുപാര്‍ശ വ്യാഴാഴ്ചയാണ് കേന്ദ്രം മടക്കിയയച്ചത്. കേരളത്തിന് സുപ്രീം കോടതിയില്‍ ആവശ്യത്തിന് പ്രാതിനിധ്യം ഉണ്ടെന്നും ജസ്റ്റിസ് കെ.എം. ജോസഫിനെക്കാള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ വേറെയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ മടക്കിയയച്ചത്.
Content Highlights: PM Narendra Modi, Judiciary, AAP Government, Aravind Kejriwal, Delhi government, Justice K M Joseph