ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയോടെ കേരള ഹൗസിലെത്തിയ കെജ്രിവാള് അരമണിക്കൂര്‍ നേരം പിണറായിയുമായി ചർച്ച നടത്തി.
ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ സഖ്യത്തിന് നീതിഷ് കുമാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്നതിനിടെയാണ് പിണറായി വിജയന് കെജ്രിവാളുമായി ചര്‍ച്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
ബി.ജെ.പിയെ തടുക്കാന്‍ കോണ്‍ഗ്രസുമായി യോജിച്ച് പോവാന്‍ കഴിയില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം പിണറായി വിജയന് പറഞ്ഞു. എന്നാല്‍ മറ്റു പാര്‍ട്ടികളുമായി യോജിച്ച് പോവുന്നത് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അരവി
ന്ദ് കെജ്രിവാള് പറഞ്ഞു. കേന്ദ്രത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് ചിലരുടെ ശ്രമം. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച പുതിയ തുടക്കമായി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും മുഖ്യന്ത്രിയായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് കേരള ഹൗസില്‍ നടന്നത്. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ ഒരു വിശാല സഖ്യം ഉയര്‍ന്ന് വരേണ്ടത് പുതിയ സാഹചര്യത്തില്‍ അത്യാവശ്യമാണെന്ന് കെജ്രിവാള് പറഞ്ഞിരുന്നു. ഇക്കാര്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണതേടുകയെന്നതും താന്‍ ഉയര്‍ത്തിയ വോട്ടിംഗ് മെഷീന് അടക്കമുള്ള കാര്യങ്ങളില്‍ പിന്തുണ തേടുകയെന്നതുമാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമായി വിലയിരുത്തുന്നത്.
ഫോട്ടോ: സാബു സ്കറിയ