ചെന്നൈ: കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകളുടെ തീരുമാനം. മെയ് 14 മുതല്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ അടച്ചിടും. ഇന്ധനം സൂക്ഷിച്ചുപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് തങ്ങള്‍ തീരുമാനം എടുത്തതെന്ന് പമ്പുടമകള്‍ പറയുന്നു. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് ആണ് തീരുമാനം എടുത്തിരിക്കുന്നത്.
കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനമായിരിക്കുന്നത്. ആകെ 20,000ത്തോളം ഔട്ട്‌ലെറ്റുകളാണ് എല്ലാ സ്ഥലത്തുമായി അടച്ചിടുക.
ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം നേരത്തേ ഉണ്ടായിരുന്നെങ്കിലും കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം ഇത് നടപ്പാക്കാതിരിക്കുകയായിരുന്നെന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍ സുരേഷ് കുമാര്‍ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്ധന ഉപഭോഗം കുറയ്ക്കുക എന്ന 'മന്‍ കീ ബാത്തിലെ' പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ തീരുമാനം നടപ്പാക്കാന്‍ പ്രേരണയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics