ന്യൂഡല്‍ഹി: പതിവ്‌പോലെ ഇന്ധന വില ഞായറാഴ്ചയും വര്‍ധിച്ച് പുതിയ റെക്കോര്‍ഡിലേക്കെത്തി. മുംബൈയില്‍ പെട്രോളിന് ഇന്ന് 87.89 രൂപയും ഡീസലിന് 77.09 രൂപയുമാണ്. ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കെ വില മുകളിലോട്ട് തന്നെ കുതിക്കുകയാണ്.
അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയിലിന്റെ വില ഉയരുന്നതിനനുസൃതമായാണ് വില വര്‍ധനയെങ്കിലും നികുതിയിളവ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല. എക്‌സൈസ് തീരുവ കുറച്ചത് കൊണ്ട് നിലവിലെ സാഹചര്യത്തില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഇറാന്‍, വെനിസ്വല, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയകാരണങ്ങളാണ് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ധനക്ക് കാരണമെന്നും കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ഘടക കക്ഷിയായ ശിവസേനയും പ്രതിഷേധവുമായി രംഗത്തെത്തി. മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ 2014-ലെ ബിജെപിയുടെ മുദ്രാവാക്യമായ അച്ഛാദിന്‍ എന്നെഴുതിയ പോസ്റ്ററുകള്‍ ശിവസേന പതിപ്പിച്ചു. കോണ്‍ഗ്രസ് നാളെ നടത്താനിരിക്കുന്ന ഭാരത് ബന്ദിന് പ്രതിപക്ഷ പാര്‍ട്ടികളില്‍ മിക്ക ഇടതുപക്ഷപാര്‍ട്ടികളും പിന്തുണ നല്‍കുന്നുണ്ട്.
ഒരു വര്‍ഷത്തിനിടെ രാജ്യത്ത് പെട്രോളിന് പത്ത് രൂപയ്ക്കടുത്തും ഡീസലിന് 15 രൂപയ്ക്കടുത്തും വര്‍ധനവുണ്ടായി. രണ്ടാഴ്ച്ചക്കിടെ മാത്രം പെട്രോളിന് രണ്ടര രൂപയ്ക്ക് മുകളിലും ഡീസലിന് മൂന്നര രൂപയ്ക്കടുത്തും വര്‍ധവുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് 2017 സെപ്റ്റംബറില്‍ എട്ടിന് 73.72 രൂപയായിരുന്നു പെട്രോളിന്റെ വില. ഈ വര്‍ഷം സെപ്റ്റംബര്‍ എട്ടിലത് 83.53 രൂപയിലെത്തി.
Share this Article
Related Topics