മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു; 467 പേര്‍ ആശുപത്രിയില്‍


'പ്രൊഫെക്‌സ് സൂപ്പര്‍' എന്ന പേരിലുള്ള കീടനാശിനിയാണ് കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നാഗ്പുര്‍: മഹാരാഷ്ട്രയില്‍ വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. യവാത്മല്‍ ജില്ലയില്‍ ഏതാനും ആഴ്ചകള്‍കള്‍ക്കുള്ളിലാണ് പരുത്തിച്ചെടികള്‍ക്കടിക്കുന്ന കീടനാശിനി ശ്വസിച്ച് ഇത്രയും മരണം സംഭവിച്ചത്. കര്‍ഷക ആത്മഹത്യയുടെ പേരില്‍ വാര്‍ത്തകളില്‍ നിറയാറുള്ള പ്രദേശമാണ് യവാത്മല്‍.

യവാത്മല്‍ ജില്ലയിലെ പ്രധാന കാര്‍ഷിക വിളയായ പരുത്തിയെ കീടങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന 'പ്രൊഫെക്‌സ് സൂപ്പര്‍' എന്ന കീടനാശിനിയാണ് കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊഫെഫോനോസ്, സൈപ്പെര്‍ മെത്രിന്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്ന ഈ കീടനാശിനി ചെടിക്ക് തളിച്ച കര്‍ഷകരില്‍ 18 പേര്‍ മരിക്കുകയും 467 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുമാണ്. യഥാര്‍ഥ മരണ സംഖ്യ ഇതിലും കൂടുതലായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില കര്‍ഷകര്‍ക്ക് വിഷബാധയേറ്റ് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലം പരുത്തി ചെടികളില്‍ ഈ വര്‍ഷം വെള്ളീച്ചയുടെയും മറ്റു കീടങ്ങളുടെയും ആക്രമണം വളരെ കൂടുതലാണ്. ഈ കീടങ്ങളില്‍നിന്ന് വിളകളെ രക്ഷിക്കുന്നതിന് വീര്യം കൂടിയ കീടനാശിനികള്‍ തുടര്‍ച്ചയായി പ്രയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നു. ഇത്തരം കീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കര്‍ഷകര്‍ സ്വീകരിക്കാറുമില്ല. ഇതാണ് അപകടം രൂക്ഷമാകാന്‍ ഇടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിഷവസ്തു ശ്വസിച്ച് മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായധനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക മരണങ്ങള്‍ നടന്ന മേഖലയിലെ കര്‍ഷകര്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണെന്നും 10 ലക്ഷം രൂപ സഹായധനം നല്‍കണമെന്നും കാണിച്ച് കര്‍ഷക സംഘടനകളും മരണപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അടുത്തിടെ മുംബൈ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപവീതം നല്‍കിയതായും കര്‍ഷകരോട് സര്‍ക്കാര്‍ വിവേചനം കാട്ടുന്നതായും അവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന കര്‍ഷക മരണങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമം നടന്നെന്നും സര്‍ക്കാരിന്റെ ഉന്നത കേന്ദ്രങ്ങളിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram