*ഡല്‍ഹി പോലീസ് നിഷ്‌ക്രിയം
*പട്യാല ഹൗസ് കോടതി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം
*കോടതിയുടെ അകത്തും അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ചു
ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥി കനയ്യ കുമാറിന് കോടതി വളപ്പില്‍ പോലീസ് കാവലില്‍ മര്‍ദനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് നോക്കി നില്‍ക്കെ അഭിഭാഷകരില്‍ ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നു.
കനയ്യ കുമാറിനെ കോടതിയിലെത്തുക്കും മുമ്പ് തന്നെ കോടതി വളപ്പ് സംഘര്‍ഷ ഭൂമിയായി തീര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് അഭിഭാഷകര്‍ ആദ്യം അക്രമം അഴിച്ചുവിട്ടത്. ഗുരുതമായ സാഹചര്യത്തില്‍ സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടു.
പട്യാല ഹൗസ് കോടതിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിച്ച് പത്തു മിനുട്ടിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജോയിന്റെ കമ്മീഷണറോട് സുപ്രീം കോടതി ഉത്തരവിട്ടു. പത്തു മിനുട്ടു കൂടുമ്പോള്‍ സംഭവത്തിന്റെ വിവരങ്ങള്‍ അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ അഭിഭാഷകനെ സുപ്രീം കോടതി വളിച്ചുവരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ സമാനമായ ആക്രമണത്തെ സുപ്രീം കോടതി അപലപിച്ചിരുന്നു. സുപ്രീം കോടതിയുടെ അഭിപ്രായത്തെ ഒട്ടും മാനിക്കാത്ത തരത്തിലാണ് അഭിഭാഷകര്‍ പട്യാല ഹൗസ് കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടകളെ പോലെ പെരുമാറിയത്. കഴിഞ്ഞ ദിവസം അക്രമം നടത്തിയ അതേ അഭിഭാഷക സംഘമാണ് കോടതിക്ക് മുന്നില്‍ അക്രമം നടത്തുന്നത്.അക്രമം നടത്തുന്ന അഭിഭാഷകരെ കസ്റ്റടിയിലെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസിനെ നോകുകുത്തിയാക്കിയാണ് അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടത്.
രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി കനയ്യ കുമാറിനെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോടതിയില്‍ കന്നത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലും അഭിഭാഷകര്‍ക്ക് കോടതി വളപ്പില്‍ ആക്രമം അഴിച്ചുവിടാന്‍ സാധിച്ചുവെന്നത് ഗുരുതര സുരക്ഷാ വീഴ്ച്ചയായാണ് കണക്കാക്കപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന് ശേഷം കോടതി വളപ്പിലെ ഗേറ്റിനുടുത്തെത്തിയ അഭിഭാഷകര്‍ മാധ്യപ്രവര്‍ത്തകരെ തടയുകയും ചെയ്തു. ചിലര്‍ ദേശീയ പതാകകളും കയ്യിലേന്തിയിരുന്നു.