ന്യൂഡല്‍ഹി: ബാലകോട്ട് നടത്തിയ മാതൃകയിലുള്ള വ്യോമാക്രമണങ്ങള്‍ ഇന്ത്യ ഇനിയും നടത്തിയേക്കുമെന്നുള്ള ഭീതിയില്‍ റഷ്യയില്‍ നിന്ന് വിമാനവേധ സംവിധാനം വാങ്ങാനൊരുങ്ങി പാകിസ്താന്‍. റഷ്യയുടെ പാന്റ്‌സിര്‍ മിസൈല്‍ സംവിധാനം വാങ്ങാനാകുമോ എന്നാണ് പാകിസ്താന്‍ നോക്കുന്നത്. വിമാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന മധ്യദൂര മിസൈല്‍ സംവിധാനമാണ് പാന്റ്‌സിര്‍.
റഡാര്‍ ഉപയോഗിച്ച് ലക്ഷ്യം നിര്‍ണയിച്ച് യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ഹോലികോപ്റ്റര്‍ എന്നിവയെ തകര്‍ക്കുന്ന മിസൈല്‍ സംവിധാനമാണ് പാന്റ്‌സിര്‍. താഴ്ന്നു പറക്കുന്ന ലക്ഷ്യങ്ങളെ പോലും കൃത്യമായി ആക്രമിക്കാന്‍ ശേഷിയുള്ളതാണ് പാന്റ്‌സിര്‍ എന്നാണ് വിവരങ്ങള്‍.
ഇതു വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രതിനിധി സംഘത്തെ മോസ്‌കോയിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ തുടങ്ങിക്കഴിഞ്ഞുവെന്നുള്ള വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചു. കരയാക്രമണങ്ങളില്‍ ഇന്ത്യന്‍ കരസേനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ നിര്‍മിത ടി-90 ടാങ്കുകള്‍ കൂടി വാങ്ങാന്‍ പാകിസ്താന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ വന്നിരിക്കുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും വലിയ പ്രതിരോധ പങ്കാളിയും സുഹൃത്തുമാണ് റഷ്യ. എന്നാല്‍ സമീപകാല സംഭവ വികാസങ്ങള്‍ തിരിച്ചടിയായതോടെ യുഎസ് അനുകൂല നയത്തില്‍ മാറ്റം വരുത്തിയാണ് അവര്‍ റഷ്യയുമായി അടുക്കാന്‍ തുടങ്ങിയത്. റഷ്യയുമായി പ്രതിരോധ കരാര്‍ പാകിസ്താന്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സുഹൃത്തായ ഇന്ത്യയ്ക്ക് ദോഷം ചെയ്യുന്ന നിലപാടുകള്‍ എടുക്കില്ലെന്നാണ് റഷ്യ അപ്പോഴൊക്കെ പറഞ്ഞിരുന്നത്.
അതേസമയം ചൈനയില്‍ നിന്ന് 600 ടാങ്കുകള്‍ കൂടി വാങ്ങാന്‍ പാകിസ്താന്‍ പദ്ധതിയിടുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആകാശത്ത് 40 മണിക്കൂറുകളോളം തുടര്‍ച്ചയായി പറന്ന് നിരീക്ഷണം നടത്താനും ആക്രമണം നടത്താനും സാധിക്കുന്ന ആളില്ലാ യുദ്ധവിമാനങ്ങളായ സി.എച്ച്-4, സി.എച്ച്-5 എന്നിവ ചൈന പാകിസ്താന് വില്‍ക്കാന്‍ തയ്യാറായേക്കുമെന്നാണ് വിവരങ്ങള്‍.
Content Highlights: Pakistan Plans to buy Pantsir-missile air defense system from Russia