ലേ: കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്താന് അര്‍ഹതയില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഒരിക്കലും പാകിസ്താന്റെ ഭാഗമല്ലാതിരുന്ന കശ്മീരിന്റെ പേരിലുള്ള അവകാശവാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനായി പാകിസ്താന്‍ കണ്ണീരൊഴുക്കുന്നത് വ്യര്‍ഥമാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ലേയില്‍ നടന്ന 26-മത് കിസാന്‍- ജവാന്‍ വിഗ്യാന്‍ മേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിനെ സംബന്ധിച്ച് നിര്‍ണായകതീരുമാനമെടുത്തതിനെ തുടര്‍ന്ന് മോദിസര്‍ക്കാരിനെതിരെ പാകിസ്താന്‍ അനാവശ്യ പ്രകോപനങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താന്‍ രൂപീകരിക്കപ്പെട്ടതിന് ശേഷം ആ രാജ്യത്തിന്റെ സ്വത്വത്തെ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമാണ്. അയല്‍രാജ്യവുമായി മികച്ച ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റിയയക്കുന്ന രാജ്യവുമായുള്ള സൗഹൃദം അസാധ്യമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പാക് അധിനിവേശ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളിലും പീഡനങ്ങളിലും പാകിസ്താന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ പാകിസ്താന് ലഭിക്കില്ലെന്നും രാജ് നാഥ് സിങ് പറഞ്ഞു. പാക് അധിനിവേശ കശ്മീര്‍ മാത്രമാണ് ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ ചര്‍ച്ച ചെയ്യാനുള്ള വിഷയമെന്ന് നേരത്തെ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായിത്തീര്‍ന്നിരിക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് യുഎസും അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Pakistan Keeps Crying About Kashmir When Was It Yours? Rajnath Singh to Pakistan