ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സര്‍വകലാശാല വെബ്സൈറ്റുകളിൽ പാക് സെബറാക്രമണം. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഡല്‍ഹി ഐഐറ്റി, ഐഐറ്റി ബിഎച്ച്.യു, അലിഗഡ് മുസ്ലീം സര്‍വകലാശാല തുടങ്ങിയവയുടെ സൈറ്റുകൾക്ക് നേരെയാണ് പാക് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്.
പാകിസ്താന്‍ ഹാക്‌സര്‍സ് ക്രൂ- പി.എച്ച്.സി( ‘Pakistan Haxors CREW – PHC’) എന്ന സംഘമാണ് ഹാക്കിങ് നടത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ക്രൂരതകള്‍ നടത്തുന്നു എന്നാരോപിച്ചാണ് ഹാക്കിങ് നടത്തിയത്.
അതേസമയം ഹാക്കിങ് നടന്നവിവരം പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അറിഞ്ഞിരുന്നില്ല. ഡല്‍ഹി ഐഐറ്റിയുടെ ആണ്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് കഴിഞ്ഞദിവസം വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ഹാക്ക് ചെയ്ത് നിമിഷങ്ങള്‍ക്കകം ഡല്‍ഹി സര്‍വകലാശാല വെബ്‌സൈറ്റ് തിരികെ പിടിച്ചു.
ഇന്ത്യന്‍ സൈന്യം കശ്മീരികളെ പീഡിപ്പിക്കുകയാണെന്നും കൊലപ്പെടുത്തുകയുമാണെന്നും ആരോപിക്കുന്ന ഹാക്കര്‍മാര്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു. സുരക്ഷ എന്നത് മിഥ്യയാണ്, പാകിസ്താന്‍ സിന്ദാബാദ് തുടങ്ങിയ വാചകങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.
Share this Article