ഹൈദരാബാദ്: വിവാദ ബോളിവുഡ് സിനിമയായ പദ്മാവതിക്കെതിരേ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. പദ്മാവതി സിനിമ വെറും മണ്ടത്തരമാണ് മുസ്ലീങ്ങള്‍ ആരും ഈ സിനിമ കാണരുതെന്ന് ഒവൈസി ആഹ്വാനം ചെയ്തു.
പദ്മാവതി കാണാന്‍ പോകരുത്. ദൈവം നിങ്ങളെ സൃഷ്ടിച്ചത് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ കാണാനല്ലെന്നും വാറങ്കല്‍ ജില്ലയില്‍ നടന്ന പൊതുപരിപാടിയില്‍ ഒവൈസി അഭിപ്രായപ്പെട്ടു.
ഈ സിനിമയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നപ്പോള്‍ 12 അംഗ കമ്മിറ്റിയെയാണ് മോദി നിയമിച്ചത്. എന്നാല്‍, മുത്തലാഖ് സംബന്ധിച്ച പ്രശ്‌നത്തില്‍ ആരോടും അഭിപ്രായം ചോദിക്കാതെ മുസ്ലീം വിരുദ്ധ നിലപാട് സ്വീകരിച്ചെന്നും ഒവൈസി കുറ്റപ്പെടുത്തി.
മുസ്ലീം സമുദായം രജ്പുത് വിഭാഗത്തെ മാതൃകയാക്കണം. പദ്മാവതി സിനിമ റിലീസ് ചെയ്യാതിരിക്കാനുള്ള പ്രതിഷേധങ്ങളില്‍ രജ്പുത് വിഭാഗത്തിന്റെ ഐക്യത്തെ അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തുടനീളം പദ്മാവതി ജനുവരി 25ന് റിലീസ് ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പുറമെ, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഉത്തരവും സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും രജ്പുത് വിഭാഗങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതുമാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതി എന്നാരോപിച്ച് കര്‍ണി സേന സിനിമയുടെ റിലീസിനെ ശക്തമായി എതിര്‍ത്തിരുന്നു.