ന്യൂഡല്‍ഹി: 'മരങ്ങള്‍ നടൂ ജീവന്‍ രക്ഷിക്കൂ' എന്ന് പറായാത്ത സാമൂഹിക പ്രവര്‍ത്തകരോ രാഷ്ട്രീയ പ്രവര്‍ത്തകരോ ഉണ്ടാകില്ല. എന്നാല്‍ ജീവിതത്തില്‍ ഇത് പ്രാവര്‍ത്തികമാക്കുന്നവരുടെ എണ്ണം വിരളമായിരിക്കും.
കാരണം മറ്റൊന്നുമല്ല പ്രകൃതിയുടെ പൂര്‍ണ്ണ നാശത്തിനു മുമ്പുള്ള അവസാന മുറവിളികള്‍ക്ക് ആരും ആത്മാര്‍ത്ഥമായി ചെവികൊടുക്കുന്നില്ല എന്നതാണ്.
എന്നാല്‍ വാക്കുകളേക്കാള്‍ പ്രവര്‍ത്തി കൊണ്ട് സംസാരിക്കുന്ന ഒരു വ്യക്തിയുണ്ട്. തെലങ്കാന സ്വദേശിയായ ദാരിപ്പള്ളി രാമയ്യ. പേരിനു മാത്രം വിദ്യാഭ്യാസമുള്ള അറപത്തിയെട്ടുകാരന്‍ തന്റെ ജീവിതത്തില്‍ നട്ടുവളര്‍ത്തിയത് ഒരു കോടിയലധികം മരങ്ങളാണ്.
ജീവിതത്തിലുടനീളം പച്ചവിരിച്ചു നടന്ന രാമയ്യയെ തേടിയെത്തിരിക്കുന്നത് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീയും. മരങ്ങളെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ജീവിതം തന്നെ ഇതിനായി ഉഴിഞ്ഞുവച്ച ഒരു വൃദ്ധന് രാജ്യം നല്‍കിയ ബഹുമതി.
അവാര്‍ഡുകളും ബഹുമതികളും ഒന്നും മതിയാവില്ല രാമയ്യയുടെ ജീവിതം നാളെയുടെ തലമുറകള്‍ക്കായി നട്ടുവളര്‍ത്തിയ പച്ചനാമ്പുകള്‍ക്ക് പകരം വയ്ക്കാന്‍. എപ്പോഴാണ് രാമയ്യ മരം നടാന്‍ ആരംഭിച്ചതെന്ന് ആര്‍ക്കും അറിയില്ല.
എന്നാല്‍ രാമയ്യയോട് അടുപ്പമുള്ളവരെല്ലാം പറയുന്നത് പരിചയമുള്ള കാലം മുതല്‍ അദ്ദേഹം മരങ്ങള്‍ നട്ടുകൊണ്ടിരിക്കുകയാണെന്നാണ്. രാമയ്യ യാത്ര ചെയ്ത വഴികളിലെല്ലാം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചുകൊണ്ടിരുന്നു. രാമയ്യക്കൊപ്പം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഭാര്യ ജാനമ്മയും കൂട്ടിനുണ്ട്.
മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതോടൊപ്പം തന്നെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും രാമയ്യയ്ക്കു കഴിഞ്ഞു. ഒരു ഗ്രാമം പ്രകൃതിയെ സ്‌നേഹിക്കുകയും മരങ്ങള്‍ നട്ടുവളര്‍ത്താന്‍ മുന്നോട്ടു വരികയും ചെയ്തത് ഇതിന്റെ തെളിവായിരുന്നു. അവാര്‍ഡുകളും അംഗീകാരങ്ങളും തേടിയെത്തുമ്പോഴും യാത്ര തുടരുകയാണ് ഭൂമിയെ ഹരിതാഭമാക്കാനുള്ള ഏകാങ്ക യാത്ര.