ഹൈദരാബാദ്: മുത്തലാഖിനെതിരേ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ കരട് ബില്ലിനെ ശക്തമായി എതിര്‍ത്ത് എംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ശരിയത്ത് സംരക്ഷിക്കാന്‍ മുസ്ലീം വിഭാഗങ്ങളുടെ കൂട്ടായ പ്രക്ഷോഭം വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുത്തലാഖ് സംബന്ധിച്ച സുപ്രീം കോടതി വിധി ആശയകുഴപ്പങ്ങള്‍ നിറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് കരട് ബില്‍ പാര്‍ലമെന്റില്‍ വയ്ക്കുന്നതെന്നും ഒവൈസി ചോദിച്ചു.
മുത്തലാഖ് അനുഷ്ഠിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്നതും ഭാര്യക്ക് ജീവനാംശം നല്‍കുകയും ചെയ്യുന്ന തരത്തിലാണ് കരട് നിയമം തയാറാക്കിയിരിക്കുന്നത്.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തലാഖ് വിഷയത്തില്‍ കൂടുതല്‍ സങ്കീര്‍ണത വരുത്തുമെന്ന് ഒവൈസി അഭിപ്രായപ്പെട്ടു.
മുസ്ലീം സഹോദരിമാരുടെ അവകാശത്തെ കുറിച്ച് വാചാലനാകുന്ന മോദി പക്ഷെ ഹിന്ദു സഹോദരിമാരെ അവഗണിക്കുകയാണ്. 20 ലക്ഷം ഹിന്ദു സ്ത്രീകളെയാണ് ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ചിരിക്കുന്നത്. അവരെ രക്ഷപ്പെടുത്താനും മോദി ശ്രമിക്കണമെന്നും ഒവൈസി പരിഹസിച്ചു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കരട് ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ ബില്ലിന്റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക് അയച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച ശേഷമായിരിക്കും ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. ജമ്മു കശ്മീര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.
കരട് ബില്ല് പ്രകാരം വാക്കാലോ ഇമെയിലില്‍ കൂടിയോ എസ്എംഎസ് ആയോ വാട്‌സ്ആപ് മെസേജായോ മുത്തലാഖ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. മുത്തലാഖിന് വിധേയയാവുന്ന സ്ത്രീക്ക് മജിസ്‌ട്രേറ്റിനെ സമീപിച്ച് തനിക്കും കുട്ടികള്‍ക്കും ജീവനാംശം ലഭിക്കാനായി പരാതി നല്‍കാം.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി കേന്ദ്രം മന്ത്രിതലസമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്.