അമൃത്സര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിധിയില്‍ കൂടുതല്‍ പണം ചിലവഴിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് വിജയിച്ച ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ അയോഗ്യനായേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സണ്ണി ഡിയോളിന് നോട്ടീസ് അയച്ചു.
70 ലക്ഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചിലവഴിക്കാവുന്ന തുക. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ പ്രചാരണത്തിനായി ചിലവഴിച്ചുവെന്നാണ് കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
സണ്ണി ഡിയോളിന്റെ മറുപടി ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കും. കടുത്ത നടപടികള്‍ സ്വീകരിച്ചാല്‍ നടന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കി പകരം രണ്ടാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
അനിശ്ചിതത്വത്തിനൊടുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് സണ്ണി ഡിയോളിനെ ഗുരുദാസ്പുര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കി ബിജെപി രംഗത്തിറക്കിയത്. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറിനെ 80,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് നടന്‍ ലോക്‌സഭയിലേക്ക് വിജയിച്ചത്.
ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഗുരുദാസ്പുര്‍. അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ വിനോദ് ഖന്നയാണ് മുമ്പ് ഇവിടെ നിന്ന് വിജയിച്ചിരുന്നത്. വിനോദ് ഖന്നയുടെ മരണത്തിന് ശേഷം പുതിയൊരുമുഖത്തിനായുള്ള തിരച്ചിലാണ് സണ്ണി ഡിയോളില്‍ എത്തി നിന്നത്.
Content Highlights: overspending during campaign, Sunny Deol may lose seat