കുമര്‍ഘട്ട്: ത്രിപുരയുടെ വികസനത്തിനായി കേന്ദ്രം നല്‍കുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കുകയാണെന്നും സി.പി.എം പ്രവര്‍ത്തകര്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് തിന്ന് കൊഴുക്കുകയാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയെ വികസനത്തിലേക്കെത്തിക്കാനും അഴിമതി തുടച്ച് നീക്കാനും മോദി മോഡലിനെ കഴിയുകയുള്ളൂ. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പി യെ അധികാരത്തിലേറ്റിയാല്‍ ഇക്കാര്യം അനുഭവിച്ചറിയാനാവുമെന്നും ത്രിപുരയിലെ കുമ്രഘട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
24 വര്‍ഷത്തെ ഇടത് ഭരണം ത്രിപുരയുടെ എല്ലാ മേഖലയിലും പരാജയമാണ്. വികസനത്തിന്റെ കാര്യത്തില്‍ ത്രിപുരയുടെ സ്ഥാനം വട്ട പൂജ്യമാണ്. കേന്ദ്രഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യു.പി.എ സര്‍ക്കാര്‍ 7283 കോടി രൂപയാണ് ത്രിപുരയ്ക്ക് അനുവദിച്ചത്. എന്‍.ഡി.എ സര്‍ക്കാർ 25396 കോടി രൂപയും അനുവദിച്ചു. എന്നാല്‍ ഈ പണമൊന്നും ത്രിപുരയുടെ ജനങ്ങളിലേക്കെത്തിയില്ല. മറിച്ച് സി.പി.എം പ്രവര്‍ത്തകരുടെ കീശയിലാണ് എത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ത്രിപുരയുടെ വിദ്യാസമ്പന്നരായ ഇരുപത്തിയഞ്ച് ശതമാനം ആളുകളും തൊഴില്‍ രഹിതരാണ്. സ്ത്രീകള്‍ക്കെതിരായുള്ള അക്രമവും വര്‍ധിച്ച് വരികയാണ്. എന്നിട്ടും മണിക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ഇടതു ഭരണകാലത്ത് അനധികൃത ചിട്ടി കമ്പനികൾ കൂണു പോലെ മുളച്ചു പൊങ്ങുകയാണ്. സിപിഎം അംഗങ്ങളാണ് അതിന്റെ ഗുണഭോക്താക്കൾ. ചിട്ടി കമ്പനി അഴിമതിയുമായി ബന്ധപ്പെട്ട കേസുകൾ സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാരിന് ധൈര്യമുണ്ടോ എന്നും അമിത് ഷാ ചോദിച്ചു.
ശനിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം തൃപുരയിലെത്തിയത്. ബൂത്തുതലം മുതലുള്ള പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.. സംസ്ഥാന നേതാക്കള്‍, ആദിവാസി നേതാക്കള്‍, പാര്‍ട്ടിക്ക് പുറത്തുള്ള ബുദ്ധിജീവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായും ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.
ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ത്രിപുരയ്ക്കൊപ്പം മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലേക്കും അടുത്ത വര്‍ഷം തന്നെയാണ് തിരഞ്ഞെടുപ്പ്. ഈ നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭരണമുറപ്പിക്കാനുള്ള പ്രചാരണ പരിപാടികളാണ് ബി.ജെ.പി. ആവിഷ്‌കരിക്കുക. അസമില്‍ പ്രയോഗിച്ചതിന് സമാനമായി, മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കുന്നത് അടക്കമുള്ള നടപടികള്‍ ആലോചിക്കും.