ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ഒരുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. 2020 ജൂണ്‍ 30 ന് മുമ്പ് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് രാജ്യത്തെ ഏത് റേഷന്‍ കടകളില്‍ നിന്നും സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ച ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്.
കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഹരിയാണ, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പുറമെ പോര്‍ട്ടബിളിറ്റി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2020 ജൂണ്‍ 30 ആകുമ്പോഴേക്കും ഉപേക്ഷകളേതുമില്ലാതെ എല്ലാ സംസ്ഥാനങ്ങളും പദ്ധതി നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന പാവപ്പെട്ടവര്‍ക്ക് പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഇല്ലാതാക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം മോദി സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെന്ന് രാം വിലാസ് പസ്വാന്‍ വെളിപ്പെടുത്തി. 11 സംസ്ഥാനങ്ങളില്‍ കൂടി പൊതുവിതരണ സംവിധാനത്തില്‍ പോര്‍ട്ടബിളിറ്റി സൗകര്യം ഏര്‍പ്പെടുത്തും. ഈ സംസ്ഥാനങ്ങളിലെ റേഷന്‍ കടകളില്‍ പോയിന്റ് ഓഫ് സെയില്‍ മെഷിനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സബ്‌സിഡി നിരക്കില്‍ രാജ്യത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏത് റേഷന്‍ കടകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വാങ്ങാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. 22 സംസ്ഥാനങ്ങളിലെങ്കിലും പോയിന്റ് ഓഫ് സെയില്‍ മെഷിന്‍ സ്ഥാപിക്കുന്നത് 100 ശതമാനവും പൂര്‍ത്തിയാക്കിയാല്‍ പദ്ധതി എളുപ്പത്തില്‍ നടപ്പിലാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത ഒരോ ജില്ലകളില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു..
Content Highlights: One Nation One Ration Card Project Roll out in one year centre tells states