ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ബിജെപി ആശയത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആശയം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ വേരറുക്കുന്ന ആശയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് ഗവര്‍ണര്‍മാരുടെ പ്രാധാന്യവും കേന്ദ്ര ഇടപെടലും വര്‍ധിപ്പിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് നിരവധി സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരുമായതിനാലാണ് ഞങ്ങളിതിനെ എതിര്‍ക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
ഭരണഘടന നിലവില്‍ വന്ന സമയത്ത് എല്ലാ സംസ്ഥാനങ്ങളിലേക്കും പാര്‍ലമെന്റിലേക്കും തിരഞ്ഞെടുപ്പ് ഒരുമിച്ചായിരുന്നു നടന്നിരുന്നത്. കേന്ദ്രം ഭരണഘടനയുടെ 356-ാം അനുഛേദം വ്യാപകമായി ദുരുപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന് മാറ്റമുണ്ടായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. നിയമവാഴ്ചയും ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലും പരാജയപ്പെടുമ്പോള്‍ രാഷ്ട്രപതി ഭരണം സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനാണ് 356-ാം അനുഛേദം പ്രയോഗിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുക എന്ന് പറയുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കലാണെന്നും സര്‍ക്കാരുകളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ഭരണഘടനാ ദത്തമായ അവകാശം ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമെന്ന നീതി ആയോഗിന്റെ നിര്‍ദ്ദേശത്തിനെതിരെയും യെച്ചൂരി രംഗത്ത് വന്നു. ലോക്‌സഭയുടെ കാലാവധി കഴിയുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കുറച്ചുസമയത്തേക്ക് സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമെന്നാണ് നീതി ആയോഗ് മുന്നോട്ടുവെച്ച നിര്‍ദ്ദേശം. അന്യായമായ നിര്‍ദ്ദേശമാണിതെന്നും രാജ്യത്തിന്റെ ഭരണാധികാരിയായി രാഷ്ട്രപതി മാറുന്ന അവസ്ഥയുണ്ടാകുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ജനാധിപത്യത്തിന് പകരം അധികാരം രാഷ്ട്രപതിയിലേക്ക് കേന്ദ്രീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ സംവിധാനത്തെ പിന്‍വാതിലില്‍ കൂടി കൊണ്ടുവരാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദ്ദേശത്തെയും അദ്ദേഹം എതിര്‍ത്തു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താമെന്ന നിര്‍ദ്ദേശത്തിനെതിരെയും അദ്ദേഹം നിലപാടെടുത്തു. ഗവര്‍ണര്‍ ഭരണമെന്നാല്‍ ആത്യന്തികമായി കേന്ദ്രസര്‍ക്കാരിന്റെ ഭരണമാണെന്നാണ് യെച്ചൂരി മറുപടി നല്‍കിയത്.
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നിരുന്നു.
Content Highlights: One Nation, One Election, Sitaram Yechury, CPIM