ഭുവനേശ്വര്‍: സര്‍ക്കാരിന്റെ അനാസ്ഥ മൂലം പാതിവഴിയിലായ പാലത്തിന്റെ പണി സ്വന്തം പണം കൊണ്ട് നാട്ടുകാര്‍ക്ക് പൂര്‍ത്തീകരിച്ച് നല്‍കിയിരിക്കുകയാണ് ഒരു റിട്ട.സര്‍ക്കാര്‍ ജീവനക്കാരന്‍. ഒഡിഷയിലെ കോൻഝാറില്‍ സാളന്ദി നദിക്ക് കുറുകെയുള്ള പാലത്തിന്റെ പണിയാണ് ഗംഗാധര്‍ പൂര്‍ത്തീകരിച്ച് നല്‍കിയത്. വെറ്റിനറി വകുപ്പിലെ മുന്‍ ജീവനക്കാരനാണ് ഗംഗാധര്‍. 10 ലക്ഷം രൂപയാണ് അദ്ദേഹം സ്വന്തം കൈയിൽ നിന്ന് ചിലവഴിച്ചത്. ഇനി രണ്ടു ലക്ഷം കൂടി ചെലവായേക്കുമെന്നും അദ്ദേഹം പറയുന്നു.
രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സാളന്ദി നദിക്ക് കുറുകെയുള്ള പാലം ഗ്രാമീണരുടെ രണ്ട് പതിറ്റാണ്ടായുള്ള ആവശ്യമായിരുന്നു. വര്‍ഷകാലത്ത് ഈ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാകും.
ഒരു പതിറ്റാണ്ട് മുമ്പാണ് ഹടാദിഹി ബ്ലോക്ക് ഭരണകൂടം പാലത്തിന്റെ പണി ആരംഭിച്ചത്. എന്നാല്‍ പാലത്തിന്റെ പണി പാതി വഴിയിലെത്തിയപ്പോള്‍ ഫണ്ട് നിലച്ചു. നാട്ടുകാര്‍ നിരവധി തവണ പല ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും പാലം പാതി വഴിയില്‍ തന്നെ നിന്നു. മുള കമ്പുകളും മറ്റും കെട്ടിയാണ് നാട്ടുകാര്‍ അപ്പുറം കടന്നിരുന്നത്.
സര്‍ക്കാരിനെ കാത്തിരുന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ ഗംഗാധര്‍ വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യങ്ങളും മറ്റു നിക്ഷേപങ്ങളും ചേര്‍ത്ത് പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുകയായിരുന്നു. അവസാനഘട്ട മിനുക്ക് പണികള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്.
'എന്റെ പ്രൊവിഡന്റ് ഫണ്ട് പൂര്‍ണമായും പാലത്തിന് ഉപയോഗിച്ചു. എന്റെ തീരുമാനത്തില്‍ കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു. മക്കള്‍ എന്നെ ആശ്രയിച്ചല്ല കഴിയുന്നത് ഗംഗാധർ പറയുന്നു.
Content Highlights: Odisha Man Completes Bridge With Own Savings