ഭൂവനേശ്വര്‍: ഒഡീഷയിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് നബ കിഷോര്‍ ദാസ് പാര്‍ട്ടി വിട്ടു. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണിത്. തിരഞ്ഞെടുപ്പില്‍ ബിജു ജനതാദളിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയാണ് ജാര്‍സുഗുഡ എം.എല്‍.എ കൂടിയായ അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.
കിഷോര്‍ ദാസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് കഴിഞ്ഞദിവസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ ബി.ജെ.ഡിയില്‍നിന്ന് മത്സരിക്കണമെന്നാണ് തന്നെ പിന്തുണക്കുന്നവര്‍ക്കും വോട്ടര്‍മാര്‍ക്കും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തിലും ഇക്കാര്യം തന്നെയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പി.സി.സി. പ്രസിഡന്റ് നിരഞ്ജന്‍ പട്നായിക്കിനെതിരേ പരാതികളില്ലെന്നും മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനൊപ്പം ചേര്‍ന്ന് ഇനി ബി.ജെ.ഡിയില്‍ പ്രവര്‍ത്തിക്കുമെന്നും രാജിക്കത്തില്‍ പറയുന്നു.
ജാര്‍സുഗുഡ ജില്ലയില്‍ മികച്ച ജനപിന്തുണയുള്ള നേതാവായ കിഷോര്‍ ദാസ് പാര്‍ട്ടിവിടുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടുതവണയും ബി.ജെ.ഡി. സ്ഥാനാര്‍ഥികള്‍ക്കെതിരേ മികച്ച ഭൂരിപക്ഷംനേടിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2017-ല്‍ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിലും കിഷോര്‍ദാസ് നിര്‍ണായക പങ്കുവഹിച്ചു. അതേസമയം, കിഷോര്‍ദാസ് പാര്‍ട്ടിവിടുന്നത് സങ്കടകരമാണെന്നും എന്നാല്‍ ഇത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നിരഞ്ജന്‍ പട്നായിക് പ്രതികരിച്ചു.
Content Highlights: odisha congress leader naba kishor das resigned from congress