സ്വകാര്യ സ്ഥലങ്ങളില്‍ നടക്കുന്ന അശ്ലീലപ്രവൃത്തി കുറ്റകരമല്ലെന്ന് മുംബൈ ഹൈക്കോടതി


1 min read
Read later
Print
Share

പൊതു സ്ഥലമാകണമെങ്കില്‍ പൊതുജനങ്ങള്‍ക്ക് അവിടേക്ക് സ്വതന്ത്രമായി കടന്നുവരാന്‍ കഴിയുന്നതാകണം. നിയമപരമായി കടന്നുവരാന്‍ അനുവാദമില്ലാത്ത സ്ഥലത്തെ പൊതുസ്ഥലമായി കണക്കാക്കാനും 294ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താനും കഴിയില്ലെന്നം കോടതി വിധിച്ചു

മുംബൈ: സ്വകാര്യ സ്ഥലങ്ങളില്‍ വെച്ച് നടത്തുന്ന അശ്ലീല പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. ഫ്‌ളാറ്റില്‍ വെച്ച് 13 പുരുഷന്മാരേയും ആറ് സ്ത്രീകളേയും അറസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ പരാതി പരിഗണിക്കവേയാണ് ജസ്റ്റിസുമായ എന്‍.എച്ച് പാട്ടീല്‍, എ.എം അംബേദ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ പൊതുസ്ഥലത്ത് വെച്ച് നടത്തുന്ന അശ്ലീല പ്രവൃത്തികളോ, പാട്ടുകളോ, അശ്ലീലഗാനങ്ങളോ, വാക്കുകളോ, ആംഗ്യങ്ങളോ ആണ് കുറ്റകരമെന്ന് ഐ.പി.സി 294ാം വകുപ്പ് പറയുന്നു. ഈ വകുപ്പ് പ്രകാരം അന്ധേരി പോലീസ് ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. പുരുഷന്മാര്‍ക്കൊപ്പം അല്‍പവസ്ത്ര ധാരിണികളായ സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് കണ്ട മാധ്യമപ്രവര്‍ത്തകനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ നര്‍ത്തകരുടെ തലയിലൂടെ പണം വാരിയിടുന്നത് ജനാലയിലൂടെ സമീപവാസികള്‍ക്ക് കാണാമായിരുന്നു. വലിയ ശബ്ദകോലാഹലമുണ്ടായെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് ഇവരെ അറസ്റ്റ് ചെയ്തത്.

പാര്‍ട്ടി നടന്നുവെന്നു പറയുന്ന ഫ്‌ളാറ്റ് പൊതു സ്ഥലമല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാജേന്ദ്ര ശിരോദ്കര്‍ വാദിച്ചു. ചില സ്വകാര്യ വക്തികള്‍ വാങ്ങിയ കെട്ടിടം സ്വകാര്യ ആവശ്യത്തിനു വേണ്ടിയുള്ളതാണെന്നും പൊതു സ്ഥലമല്ലെന്നും വ്യക്തമാക്കി.

294ാം വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് വെച്ച് മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ അശ്ലീലപ്രവൃത്തികളിലേര്‍പ്പെടുന്നതാണ് കുറ്റകരം. പൊതു സ്ഥലമാകണമെങ്കില്‍ പൊതുജനങ്ങള്‍ക്ക് അവിടേക്ക് സ്വതന്ത്രമായി കടന്നുവരാന്‍ കഴിയുന്നതാകണം. നിയമപരമായി കടന്നുവരാന്‍ അനുവാദമില്ലാത്ത സ്ഥലത്തെ പൊതുസ്ഥലമായി കണക്കാക്കാനും 294ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താനും കഴിയില്ലെന്നം കോടതി വിധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram