നവംബര്‍ എട്ട് കള്ളപണ വിരുദ്ധദിനമായി ആചരിക്കുമെന്ന് ബിജെപി


നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ട് ബിജെപി കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമുള്‍പ്പെടെ രാജ്യത്തെ 18 പ്രതിപക്ഷ പാര്‍ട്ടികള്‍ നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം ഇനിയും കോണ്‍ഗ്രസുകാര്‍ക്ക് മനസിലായിട്ടില്ല. നോട്ട് അസാധുവാക്കല്‍ മൂലം അനധികൃതമായി സൂക്ഷിച്ചിരുന്ന കള്ളപ്പണം ബാങ്കില്‍ നിക്ഷേപിക്കുകയും അത് നികുതി വിധേയമാകുകയും ചെയ്‌തെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് 86 ശതമാനം നോട്ടുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറയുന്നതിന് ഇത് പ്രധാന കാരണമായി. അതിന് പുറമെ ജിഎസ്ടിയിലെ ആശയകുഴപ്പവും ഐടി മേഖലയിലെ തകര്‍ച്ചയുമാണ് സാമ്പത്തിക മേഖലയെ തളര്‍ത്തിയെതെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

നോട്ട് അസാധുവാക്കലും ജിഎസ്ടിയും കള്ളപ്പണം തടയുന്നതിനുള്ള ആയുധമായാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കണക്കാക്കുന്നത്. നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും തിരികെ എത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍, നോട്ട് അസാധുവാക്കിയതിന്റെ എല്ലാം ലക്ഷ്യങ്ങളും സര്‍ക്കാര്‍ കൈവരിച്ചെന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടു. നികുതി ദായകരുടെയും ഡിജിറ്റല്‍ ഇടപാടുകളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram