ന്യൂഡല്‍ഹി: ദലൈലാമയുടെ കാര്യത്തില്‍ മുന്‍നിലപാടുകളില്‍ നിന്ന് ഇന്ത്യ വ്യതിചലിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. ടിബറ്റന്‍ ആത്മീയ നേതാവിന്റെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കിയെന്ന് അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്ത്യാ-ചൈനാ ബന്ധത്തില്‍ വിള്ളലുകള്‍ നിലവിലുള്ള സാഹചര്യത്തില്‍ മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന ടിബറ്റന്‍ അനുകൂല പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ നിര്‍ദേശപ്രകാരം ക്യാബിനെറ്റ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം.
എന്നാല്‍, പുറത്തുവന്ന വാര്‍ത്തയെക്കുറിച്ച് യാതൊരു പരാമര്‍ശങ്ങളും നടത്താതെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന. 'ദലൈലാമ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തവും സുസ്ഥിരവുമാണ്. അദ്ദേഹം ഇന്ത്യയിലെ ഏവരാലും ബഹുമാനിക്കപ്പെടുന്ന ആത്മീയാചാര്യനാണ്. അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. ഇന്ത്യയിലെവിടെയും മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് സാഹചര്യമുണ്ട്' എന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
content highlights: The Ministry of External Affairs has said India's position on the Dalai Lama has not changed , India's position on the Dalai Lama is clear and consistent.
Share this Article
Related Topics