ന്യൂഡല്‍ഹി: സ്ത്രീധന നിരോധന നിയമത്തിന്റെ ദുരുപയോഗം തടയണമെന്ന് സുപ്രീം കോടതി. സ്ത്രീധന പീഡന പരാതിയില്‍ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്താതെ അറസ്റ്റോ ഏതെങ്കിലും തരത്തിലുള്ള നടപടിയോ സ്വീകരിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ഓരോ സംസ്ഥാനങ്ങളിലും കുടുംബക്ഷേമ സമതികള്‍ രൂപവത്കരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്ത്രീധന നിരോധന നിയമ വകുപ്പ് 498എ ദുരുപയോഗം ചെയ്ത് ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുക്കളും അടക്കമുള്ളവരെ കേസുകളില്‍ ഉള്‍പ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു. കുറ്റവാളികളല്ലാത്തവരുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ ഇത്തരം കേസുകള്‍ ഇടയാക്കുന്നതായും ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു. യു. ലളിത് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
സ്ത്രീധന പീഡന പരാതികളില്‍ പലതും പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തവയാണ്. ഇവയ്ക്കുമേല്‍ അറസ്റ്റ് പോലുള്ള അനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് ഒത്തുതീര്‍പ്പുകള്‍ക്കുള്ള സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീധന പഢന കേസുകളില്‍ വാദിയുടെ ആരോപണങ്ങള്‍ മാത്രം മുഖവിലയ്‌ക്കെടുത്ത് നടപടികളുമായി മുന്നോട്ടു പോകരുതെന്ന സുപ്രീം കോടതി നിര്‍ദ്ദശം ഇത്തരം കേസുകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുന്നതാണ്.
എല്ലാ സംസ്ഥാനങ്ങളിലും കുടുംബ ക്ഷേമ സമിതികള്‍ രൂപവത്കരിക്കണമെന്നും എല്ലാ കേസുകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസിനും കോടതിയ്ക്കും ലഭിക്കുന്ന പരാതികള്‍ കുടുംബക്ഷേമ സമിതികള്‍ക്ക് കൈമാറണം. തുടര്‍ന്ന് സമിതികള്‍ പരാതിക്കാരുമായി ആശയവിനിമയം നടത്തി വസ്തുതകള്‍ കണ്ടെത്തിയതിനു ശേഷം മാത്രമേ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളൂ. പരാതി ലഭിച്ച് ഒരു മാസത്തിനുള്ളില്‍ കുടുംബ ക്ഷേമ സമിതികള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ജാമ്യം അനുവദിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും കഴിയുമെങ്കില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന ദിവസംതന്നെ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വിദേശത്താണെങ്കില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.