പാറ്റ്‌ന: ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍-യു നേതാവ് കൂടിയായ നിതീഷ് കുമാര്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച എന്‍.ആര്‍.സിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിതീഷ് കുമാര്‍. 'ഇത് എന്തിന് ബിഹാറില്‍ നടപ്പിലാക്കണം?' എന്നായിരുന്നു നിതീഷ് കുമാറിന്റെ മറുചോദ്യം.
എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പറയുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. നേരത്തെ എന്‍.ആര്‍.സിക്കും പൗരത്വ നിയമ ഭേദഗതിക്കും (സി.എ.എ) അനുകൂലമായ നിലപാടാണ് ബിഹാര്‍ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. എന്നാല്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടിക്കായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ജനതാദള്‍-യു നേതാവ് പ്രശാന്ത് കിഷോര്‍ രാജി ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നിതീഷ് കുമാര്‍ നിലപാട് മാറ്റുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ച്ചയില്‍ എന്‍.ആര്‍.സിയും സി.എ.എയും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് നിതീഷ് കുമാറിനെ പ്രശാന്ത് അറിയിച്ചിരുന്നു. ഇതില്‍ ബി.ജെ.പിയെ പിന്തുണച്ചാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അതു തിരിച്ചടിയാകുമെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.
അതേസമയം എന്‍.ആര്‍.സിയും സി.എ.എയും ബിഹാറിലെ ജനതാദള്‍-യുവിനെ രണ്ടു തട്ടിലേക്ക് എത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൗരത്വ നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണച്ച ജനതാദള്‍-യുവിന്റെ നടപടി പരസ്യമായി ചോദ്യം ചെയ്ത പ്രശാന്ത് പാര്‍ട്ടി വിടണമെന്ന് ആര്‍.സി.പി സിങ്ങ് ആവശ്യപ്പെട്ടിപുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മറ്റൊരു നേതാവ് പവന്‍ വര്‍മ, പ്രശാന്ത് കിഷോറിന്റെ പക്ഷത്താണ് നിന്നത്. ഇതോടെ ജനതാദള്‍-യുവില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയരുകയായിരുന്നു. ഇതിനെല്ലാം ഒടുവില്‍ എന്‍.ആര്‍.സി ബിഹാറില്‍ നടപ്പിലാക്കില്ലെന്ന് നിതീഷ് കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചത്.
Content Highlights: Nitish Kumar drops Bihar from NRC list