ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള സാമ്പത്തിക ഉത്തേജന നടപടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. നിര്‍മലാ സീതാരാമന്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്നും സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു.
റിയല്‍ എസ്‌റ്റേറ്റ്, വാണിജ്യം, വാഹനവിപണി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത. ഇത് മൂന്നാം തവണയാണ് ധനമന്ത്രി ഉത്തേജന നടപടികള്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. ഉച്ചയ്ക്ക് 2.30-നാണ് വാര്‍ത്താസമ്മേളനം.
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം ലഭ്യമാക്കാനുമുള്ള നടപടികള്‍ കഴിഞ്ഞ ആഴ്ചകളില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഇതിനിടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെത്താഴെയാണെന്ന് അന്താരാഷ്ട്ര നാണയനിധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോര്‍പ്പറേറ്റ് രംഗത്തെയും പരിസ്ഥിതി മേഖലയിലെയും നിയമങ്ങളിലെ അനിശ്ചിതാവസ്ഥയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ തളര്‍ച്ചയുമാണ് ഇതിനു കാരണമെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ സാമ്പത്തികവളര്‍ച്ച ആറുവര്‍ഷത്തെ താഴ്ന്ന നിലവാരമായ അഞ്ചു ശതമാനത്തിലെത്തിയതായി കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം എട്ടു ശതമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമാണ് ഇന്ത്യയുടെ വളര്‍ച്ചനിരക്കെന്ന് ഐ.എം.എഫ്. വക്താവ് ജെറി റൈസ് വ്യക്തമാക്കിയത്.
ഇതിനിടെ വാഹനവിപണിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം യുവതലമുറ പൊതുഗതാഗതം ഉപയോഗിക്കുന്നതാണെന്ന നിര്‍മലാ സീതാരാമന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. വാഹനനിര്‍മാണ കമ്പനികളടക്കം മന്ത്രിയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു.
Content Highlights: Nirmala Sitharaman to address a Press Conference today to announce important decisions