റാവുവിനേയും മന്‍മോഹനേയും മാതൃകയാക്കൂ, വിമര്‍ശനവുമായി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവ്


ദ ഹിന്ദു ദിനപത്രത്തില്‍ 'എ ലോഡ്‌സ്റ്റാര്‍ ടു സ്റ്റിര്‍ ദ എക്കണോമി' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവു കൂടിയായ പ്രഭാകര്‍ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മുരടിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറക്കാല പ്രഭാകര്‍. ദ ഹിന്ദു ദിനപത്രത്തില്‍ 'എ ലോഡ്‌സ്റ്റാര്‍ ടു സ്റ്റിര്‍ ദ എക്കണോമി' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവു കൂടിയായ പ്രഭാകര്‍ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതിനു പകരം, രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മന്‍മോഹന്‍ സിങ് സാമ്പത്തിക മാതൃക ബി ജെ പി സ്വീകരിക്കണമെന്ന് ലേഖനത്തില്‍ പ്രഭാകര്‍ പറയുന്നു.

നെഹ്‌റുവിയന്‍ മോഡലിനെ വിമര്‍ശിക്കുക എന്നതിലേക്കാണ് ബി ജെ പിയുടെ സാമ്പത്തിക തത്വശാസ്ത്രവും അതിന്റെ പ്രായോഗികതയും പ്രധാനമായും പരിമിതപ്പെട്ടിരിക്കുന്നത്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഇതല്ല ഇതല്ല (നേതി നേതി) എന്നതാണ് ബി ജെ പി സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്താണ് തങ്ങളുടെ നയം എന്ന് വ്യക്തമാക്കാതെയാണിത്- പ്രഭാകര്‍ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

സാമ്പത്തിക നയങ്ങളില്‍ മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാകാതിരിക്കുമ്പോള്‍, ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍ ഒരോ മേഖലയും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന വിവരം പൊതുവിടങ്ങളിലേക്ക് അനുസ്യൂതം എത്തിക്കൊണ്ടിരിക്കുകയാണ്.

റാവു-സിങ് സാമ്പത്തിക രൂപകല്‍പന ബി ജെ പി സ്വീകരിക്കണം. ഈ മാതൃക പൂര്‍ണമായും അംഗീകരിക്കുന്നതിലൂടെയും ഉത്സാഹത്തോടെ പരിശ്രമിക്കുന്നതിലൂടെയും നിലവില്‍ അകപ്പെട്ടിരിക്കുന്ന വിഷമസന്ധിയില്‍നിന്ന് പുറത്തുകടക്കാന്‍ ബി ജെ പിക്കും നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനും മാര്‍ഗദീപം ലഭിക്കും. റാവു-മന്‍മോഹന്‍ സിങ് മാതൃക സ്വീകരിക്കുന്നതിലൂടെ സാമ്പത്തിക ചിന്താഗതിയിലുള്ള ബലഹീനതയെ നീക്കം ചെയ്യാന്‍ ബി ജെ പിക്ക് സാധിക്കും- പ്രഭാകര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

content highlights: nirmala sitharaman's husband hits out at centre over india's economic slow down

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram