ന്യൂഡല്‍ഹി: ഭരണപക്ഷവും പ്രതിപക്ഷവുമായുള്ള വാഗ്വാദങ്ങള്‍ക്കൊടുവില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.
വിദേശ മണ്ണില്‍ വച്ച് ഇന്ത്യക്കാര്‍ക്ക് നേരേയുണ്ടാവുന്ന ആക്രമണങ്ങളും, സൈബര്‍ കുറ്റകൃത്യങ്ങളും, മനുഷ്യക്കടത്തും അന്വേഷിക്കാന്‍ എന്‍.ഐ.ക്ക് അധികാരം നല്‍കുന്ന ബില്ലാണ് ഇത്.
എന്‍.ഐ.എ (ഭേദഗതി) സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ആശങ്കയുമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ വാദത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളി. അതേ സമയം പ്രതികളുടെ മതം പരിഗണിക്കാതെ തീവ്രവാദം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളിലേക്ക് എന്‍.ഐ.എ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് അയക്കുമ്പോള്‍ അവര്‍ക്ക് എന്ത് അധികാരമാണ് നല്‍കുക എന്ന് പ്രതിപക്ഷം ചോദിച്ചു. ഇന്ത്യയെ യു.എസോ ഇസ്രയേലോ പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
ബി.ജെ.പി എം.പി സത്യപാല്‍ സിങിന്റെ പ്രസംഗത്തിനിടെ ചോദ്യമുയര്‍ത്തിയ ഒവൈസിക്കെതിരെ അമിത് ഷാ രംഗത്തെത്തി. നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ ക്ഷമയോടെ കേട്ടിരിക്കുന്നുണ്ട്, ആ ശീലം താങ്കള്‍ക്കുമുണ്ടാകണമെന്ന് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് വിരല്‍ ചൂണ്ടി സംസാരിച്ചത് ഒവൈസിയെ ചൊടിപ്പിച്ചു. താങ്കള്‍ വിരല്‍ ചൂണ്ടി സംസാരിച്ചാല്‍ താന്‍ പേടിച്ചു പോകില്ലെന്ന് ഒവൈസി പറഞ്ഞു. നിങ്ങളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് അമിത് ഷാ തിരിച്ചടിച്ചു.
യു.പി.എ സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമമായ പോട്ട ദുര്‍ബലപ്പെടുത്തിയത് അതിന്റെ ദുരുപയോഗത്തിന്റെ പേരിലല്ലെന്നും സ്വന്തം വോട്ട് ബാങ്കിനെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും അമിത് ഷാ ആരോപിച്ചു. പോട്ട ദുര്‍ബലപ്പെടുത്തിയതോടെ തീവ്രവാദം വളര്‍ന്നിട്ടുണ്ട്, അതുകൊണ്ടാണ് മുംബൈ ഭീകരാക്രമണത്തിന് ശേഷം യു.പി.എ സര്‍ക്കാര്‍ തന്നെ ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിച്ചത്- ആഭ്യന്തര മന്ത്രി പറഞ്ഞു.
ഈ വിഷയത്തില്‍ എല്ലാ കക്ഷികളുടേയും പിന്തുണ ആവശ്യമാണെന്നും, സഭയില്‍ രണ്ടഭിപ്രായമുയര്‍ന്നാല്‍ അത് തീവ്രവാദികള്‍ക്ക് ആത്മവീര്യം നല്‍കുമെന്നും ഷാ പറഞ്ഞു. ബി.ജെ.പി രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഇത് ദുരുപയോഗം ചെയ്യുമെന്ന് പ്രതിപക്ഷ കക്ഷികള്‍ നേരത്തേ ആരോപിച്ചിരുന്നു.
ബില്‍ നടപ്പിലാവണമെങ്കില്‍ രാജ്യസഭ കൂടി പാസ്സാക്കുകയും രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും വേണം.
Content highlights: NIA amendment bill passed by LS. Amit Shah, refuting opposition concerns about the "misuse" of the NIA (Amendment) Bill, 2019