സ്ത്രീധനത്തിന്റെ പേരിലുള്ള വ്യാജക്കേസുകളില്‍ പ്രതിയാക്കപ്പെട്ട പുരുഷന്‍മാരെ സഹായിക്കാനും സംഘടന. നാല് യുവാക്കള്‍ ചേര്‍ന്ന് 2005 ല്‍ ആരംഭിച്ച 'സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍', കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അമ്പതോളം നിരപരാധികളെയാണ് നിയമക്കുരുക്കില്‍ നിന്ന് രക്ഷിച്ചത്.
ബെംഗളുരു സ്വദേശിയായ രാജേഷ് വര്‍ഖാരിയയാണ് ഇങ്ങനെയൊരു ആശയവുമായി രംഗത്തുവന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യ നല്‍കിയ വ്യാജപീഡനക്കേസില്‍ അഞ്ചു ദിവസമാണ് ഇദ്ദേഹം ജയില്‍വാസം അനുഭവിച്ചത്. ഈയൊരു അനുഭവം തന്നെയാണ് സംഘടന തുടങ്ങാനുള്ള പ്രേരണയായതും. പിന്നീട് വിചാരണ കോടതിയില്‍ കയറിയിറങ്ങുന്നതിന് ഇടയ്ക്കാണ് മറ്റു മൂന്നുപേരെ രാജേഷ് പരിചയപ്പെടുന്നത്. മാസങ്ങള്‍ക്കുള്ളില്‍ എസ്‌ഐഎഫ്എഫ് എന്ന പുരുഷാവകാശ സംഘടന ഇവര്‍ രൂപീകരിക്കുകയും ചെയ്തു.
കള്ളക്കേസുകളില്‍ അകപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. സഹായം ആവശ്യപ്പെട്ടുവരുന്നവരില്‍ ഭൂരിഭാഗവും 30നും 35നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ഐപിസി 498എ വകുപ്പിലെ സ്ത്രീധന നിരോധന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി രാജേഷ് ചൂണ്ടിക്കാട്ടുന്നു.
സ്ത്രീധനക്കേസുകളില്‍ ഒന്‍പത് ശതമാനവും വ്യാജമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2005ല്‍ നിയമപരമായ ഭീകരപ്രവര്‍ത്തനമെന്നാണ് ഈ വകുപ്പിനേക്കുറിച്ച് സുപ്രീംകോടതി പരാമര്‍ശിച്ചത്. പരാതി ലഭിച്ചാലുടന്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുന്ന നടപടി നിയന്ത്രിക്കണമെന്ന്, മറ്റൊരു കേസില്‍ കോടതി പരാമര്‍ശിച്ചിരുന്നുതായും അദ്ദേഹം പറയുന്നു. ഈ വകുപ്പ് ഭാര്യക്ക് സംരക്ഷണം വേണമെന്നു പറയുമ്പോള്‍ ഭര്‍തൃമാതാവിനേയും ഭാര്യാസഹോദരിയേയും ഭര്‍ത്താവിന്റെ മറ്റ് സ്ത്രീ ബന്ധുക്കളേയും സംരക്ഷിക്കുന്നതിനേക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു.
Share this Article
Related Topics