ന്യൂഡല്‍ഹി: ചൈനയുടെ ഇടപെടല്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇന്തോ-പസഫിക് മേഖലയില്‍ നാവികസേന കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മേഖലയില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും വിശാഖപട്ടണത്തെ നാവികസേനാ ആസ്ഥാനത്ത് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ രാജ്യങ്ങളുമായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട് നാവികസേനയ്ക്ക് സുപ്രധാനമായ പങ്കാണ് നിര്‍വഹിക്കാനുള്ളത്. മേഖലയില്‍ ചൈന പലവിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നു. ഇവിടെ ഇന്ത്യയുടെ ജാഗ്രത വര്‍ധിപ്പിക്കേണ്ടതുണ്ട്. നാവികസേനയുടെ ശക്തി കൂടുതല്‍ വര്‍ധിപ്പിക്കേണ്ടതും ആവശ്യമാണ്- രാജ്‌നാഥ് സിങ് പറഞ്ഞു.
സമുദ്ര മേഖലയില്‍ക്കൂടിയുള്ള ഭീഷണികള്‍ നേരിടുന്നതിനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നിനും നാവികസേനയുടെ നിതാന്ത ശ്രദ്ധ ആവശ്യമാണ്. അതോടൊപ്പംതന്നെ പ്രകൃതി ദുരന്തങ്ങളെ മറികടക്കുന്നതിന് സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതിലും നാവികസേനയ്ക്ക് വലിയ പങ്കുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രം, പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവയടങ്ങുന്ന ഇന്തോ-പസഫിക് മേഖലയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയില്‍ ചൈനയുടെ ഇടപടലുകള്‍ക്ക് കടിഞ്ഞാണിടുന്നതിനുള്ള 'ആസിയാന്റെ' ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണയുമായി ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
Content Highlights: Chinese activities, Indo-Pacific region, Rajnath Singh, Indian Navy