ന്യൂഡൽഹി: സമവായ ശ്രമത്തിനിടെ എന്‍ഡിഎ ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ തീരുമാനിച്ചുവെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. അന്തിമ തീരുമാനം എടുക്കും മുമ്പ് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന സൂചനയാണ് നേരത്തെ ബിജെപി നല്‍കിയിരുന്നതെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു.
'തീരുമാനമെടുത്തശേഷം അവര്‍ തന്നെയാണ് അവരുടെ തിരഞ്ഞെടുപ്പ് അറിയിച്ചത്. അതിനര്‍ഥം അത് അവരുടെ മാത്രം തീരുമാനമാണെന്നാണ്. ഇനി ചര്‍ച്ചകള്‍ നടത്തിയിട്ടെന്ത് കാര്യം' ഗുലാം നബി ആസാദ് ചോദിച്ചു.
പ്രതിപക്ഷ കക്ഷികള്‍ ജൂണ്‍ 22ന് യോഗം ചേരുമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
ദളിത് നാമം മുന്നോട്ട് വെച്ചതില്‍ സന്തുഷ്ടരാണ് തങ്ങളെന്നാണ് മായാവതി പ്രതികരിച്ചത്. അതേ സമയം പ്രസിദ്ധനായ ഒരു ദളിത് നേതാവല്ലാത്തതില്‍ അപ്രിയമുണ്ടെന്നും അവര്‍ പറഞ്ഞു.
ബീഹാര്‍ ഗവര്‍ണ്ണറും ബിജെപിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍ഡിഎ തീരുമാനിച്ച വിവരം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാര്‍ഥിയുടെ പേര് തീരുമാനിച്ചത്.
രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളുമായി അഭിപ്രായ ഐക്യത്തിനുള്ള സാധ്യത ആരായുന്നതിനായി മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന ഒരു പാനല്‍ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുമായി പാനല്‍ അംഗങ്ങളായ രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി, എം വെങ്കയ്യ നായിഡു എന്നിവര്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ് വിലയിരുത്തല്‍ നടത്തിയ ശേഷമാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു.