അഗര്‍ത്തല: രണ്ട് ദശാബ്ദത്തിലധികം സിപിഎം അടക്കിവാഴ്ന്നിരുന്ന ത്രിപുരയില്‍ ബിജെപി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ കാതലായ മാറ്റം വരുന്നു. മാര്‍കിസ്റ്റ് പ്രചാരണം നടത്തുന്നവയാണ് ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പുസ്‌കങ്ങളെന്നും പകരം സംസ്ഥാനത്ത സ്‌കൂളില്‍ എ.ന്‍.സി.ഇ.ആര്‍.ടി സിലബസ് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.
സിലബസ് മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു കമ്മറ്റി രൂപീകരിച്ച് കൊണ്ടിരിക്കുകയാണ്. അളവിലല്ല വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മയിലാണ് കാര്യം. സാക്ഷരതാ അടിസ്ഥാനത്തില്‍ രാജ്യത്ത് മുന്‍പന്തിയിലാണ് ത്രിപുര. എല്ലാവര്‍ക്കും വിദ്യാഭ്യാസവും എല്ലാവര്‍ക്കും ആരോഗ്യവും നല്‍കുന്നതിലാണ് തന്റെ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദു രാജാക്കന്‍മാരെ മറന്ന് മാവോയെക്കുറിച്ചാണ് പഠിപ്പിച്ചത്. പാഠപുസ്തങ്ങളില്‍ നിന്ന് അവര്‍ മഹാത്മാ ഗാന്ധിയെ പോലും ഒഴിവാക്കി. ത്രിപുരയുടെ ചരിത്രം ഉള്‍ക്കൊള്ളിക്കുന്ന എന്‍.സി.ഇ.ആര്‍.ടി സിലബസാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്നത്.
ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങളില്‍ റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങളെ കുറിച്ചും കാറല്‍ മാക്‌സിനെയും ഹിറ്റലറേയുമൊക്കെയാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ച് ഇതില്‍ ഒന്നുമില്ലെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുര നിയമസഭയിലേക്ക് കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ 59-ല്‍ 43 സീറ്റുകള്‍ നേടി ബിജെപി 25 വര്‍ഷക്കാലത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചിരുന്നു.