ഗുവാഹട്ടി: പാഠപുസ്തകങ്ങളില്‍ തേയിലയെക്കുറിച്ച് ഒരധ്യായം ഉള്‍പ്പെടുത്തുന്ന കാര്യം എന്‍സിഇആര്‍ടിയുടെ പരിഗണനയില്‍. ഇക്കാര്യം അവര്‍ ടെക്സ്റ്റ്ബുക്ക് ഡെവലപ്പ്‌മെന്റ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചു. നോര്‍ത്ത് ഈസ്റ്റ് ടീ അസോസിയേഷന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്.
തേയിലയെക്കുറിച്ചും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും തേയിലയ്ക്കുള്ള കടമയെക്കുറിച്ചും ഒരധ്യായം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ സമീപിച്ചിരുന്നുവെന്ന് എന്‍.ഇ.ടി.എ ഉപദേശകന്‍ ബിദ്യാനന്ദ് ബര്‍ക്കാകോട്ടി പറഞ്ഞു. ഇത് സംബന്ധിച്ച പ്രാഥമിക ജോലികള്‍ പുരോഗമിക്കുകയാണെന്നും ഇതിന്റെ തുടര്‍ച്ചയായി പഠിപ്പിക്കുന്നതിനാവശ്യമായ വിഭവങ്ങള്‍ സജ്ജമാക്കുമെന്നുമാണ് എന്‍.സി.ഇ.ആര്‍.ടി ഇതിന് മറുപടി നല്‍കിയത്.
ആറാംതരത്തിലെയും ഏഴാംതരത്തിലെത്തിലെയും ഭൂമിശാസ്ത്ര പുസ്തകത്തില്‍ തേയിലക്കുറിച്ചുള്ള വിവരങ്ങള്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ പുനരവലോകനം ചെയ്യുന്ന അവസരത്തില്‍ ഇത് ടെക്‌സ്റ്റ്ബുക്ക് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്നും എന്‍.സി.ഇ.ആര്‍.ടി മറുപടിക്കത്തില്‍ വ്യക്തമാക്കി.
തേയില ഉല്‍പ്പാദനത്തിലും ഉപഭോഗത്തിലും ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ബിദ്യാനന്ദ് സ്മൃതി ഇറാനിക്കയച്ച കത്തില്‍ പറയുന്നത്. 109 വര്‍ഷത്തെ പാരമ്പര്യമുള്ള തേയില വ്യവസായം സംഘടിതമേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒന്നാണ്. ഇതില്‍ അമ്പത് ശതമാനവും സ്ത്രീ തൊഴിലാളികളാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
Share this Article