ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലെ അന്വേഷണം സിബിഐ അവസാനിപ്പിച്ചു. യുവാവിനെ കണ്ടെത്തുന്നതിനുവേണ്ടി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
2016 ഒക്ടോബര്‍ 15 മുതലാണ് ജെ.എന്‍.യുവിലെ ഹോസ്റ്റലില്‍നിന്ന് നജീബ് അഹമ്മദിനെ കാണാതായത്. ഇതിന്റെ തലേദിവസം എ.ബി.വി.പി പ്രവര്‍ത്തകരായ ചില വിദ്യാര്‍ഥികളും നജീബും തമ്മില്‍ അടിപിടി ഉണ്ടായിരുന്നു.
ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചത്. നവംബര്‍ 29 ന് ഈ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും.
കഴിഞ്ഞ വര്‍ഷം മേയിലാണ് സിബിഐ കേസില്‍ അന്വേഷണം തുടങ്ങിയത്. എല്ലാ വശങ്ങളും പരിശോധിച്ചുവെങ്കിലും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികളുടെ സഹകരണം തേടിയിരുന്നുവെന്നും സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചില വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലേക്കും ഹിമാചല്‍ പ്രദേശിലേക്കും ഡല്‍ഹിയിലേക്കും പോലീസിനെ അയച്ചുവെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. രാജ്യത്തെ ടോള്‍ ബൂത്തുകളിലടക്കം നജീബ് അഹമ്മദിന്റെ ഫോട്ടോ പതിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.