ന്യൂഡല്‍ഹി: പ്രവാചകന്‍ മാംസഭക്ഷണത്തിന് എതിരായിരുന്നെന്നും നോമ്പെടുക്കുന്ന മുസ്ലിംങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നും ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ഇന്ദ്രേഷ്‌കുമാര്‍ വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവും ആരംഭിച്ചു.
മാംസം രോഗം പരത്തുന്നവയാണ്. മാംസത്തിന് പകരം നോമ്പ് കാലത്ത് ധാരാളം പശുവിന്‍ പാല് ഉപയോഗിക്കണമെന്നും വീട്ടുപരിസരത്ത് തുളസി തൈകകള്‍ നട്ട് പിടിപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. പ്രാതലിനൊപ്പം പശുവിന്‍ പാല്‍ ഉപയോഗിക്കണമെന്ന വിശ്വാസം ഇസ്ലാമിലുണ്ട്. മുത്തലാഖ് പാപമാണെന്നും അതു ദൈവം ഇഷ്ടപ്പെടുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ജാമിയ മിലിയ സര്‍വകലാശാലയില്‍ ആര്‍.എസ്.എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് ആണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. മുസ്ലിങ്ങള്‍ക്കെതിരായ വികാരം സര്‍വകലാശാലയിലും എത്തിക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.
Share this Article
Related Topics