ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. വരുമാനം വര്‍ധിപ്പിക്കലല്ല, അപകടം കുറയ്ക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം പാലിച്ചാല്‍ പിഴയുടെ കാര്യം ഉദിക്കുന്നില്ല, എന്നാല്‍ പിഴത്തുക കുറച്ചാല്‍ ജനങ്ങള്‍ നിയമം പാലിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം സെപ്റ്റംബര്‍ ഒന്ന് മുതലാണ് കനത്ത പിഴ ഈടാക്കിത്തുടങ്ങിയത്. നിയമലംഘനത്തിന് നേരത്തെയുണ്ടായിരുന്ന പിഴയുടെ പത്തിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ കനത്തപിഴ ഈടാക്കുന്നതിനെതിരേ പരാതികള്‍ വ്യാപകമായതോടെ പല സംസ്ഥാനങ്ങളും പുതിയ പിഴ ഈടാക്കുന്നതില്‍ നിന്ന് പിന്നോട്ടുപോയിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ പിഴത്തുക നേര്‍പകുതിയാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തമിഴ്‌നാട് സര്‍ക്കാരും സമാനരീതിയിലുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നത്.
മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കാന്‍ കേരളവും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
Content Highlights: motor vehicle act amendment; union minister nitin gadkari says state govt can decide fine amount
Share this Article
Related Topics