അടുത്തതവണ സീറ്റില്ല- സഭയില്‍ ഹാജരാകാത്ത എംപിമാര്‍ക്ക് മോദിയുടെ താക്കീത്


അടുത്ത തവണ എംപിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത് എംപിമാരുടെ പ്രകടനം വിലയിരുത്തിയ ശേഷം മാത്രമായിരിക്കുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പതിവായി ഹാജരാകാതിരിക്കുന്ന ബിജെപി എംപിമാര്‍ക്കെതിരെ ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം എംപിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോദി എംപമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന.

'നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും. പിന്നീട് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല'- അടുത്തിടെ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു. അടുത്ത തവണ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത് എംപിമാരുടെ പ്രകടനം വിലയിരുത്തിയ ശേഷം മാത്രമായിരിക്കുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്.

ലോക്‌സഭയില്‍ ബിജെപി എംപമാര്‍ കൃത്യമായി ഹാജരാകാത്തത് അടുത്തിടെ ബിജെപിയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നാക്കവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ ബിജെപി എം.പിമാര്‍ കൂട്ടത്തോടെ മുങ്ങിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി പാസായത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ഇതില്‍ തനിക്കുള്ള അതൃപ്തി അന്നുതന്നെ പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഈ ഘട്ടത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഈ സമയം ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവായതിനാല്‍ ഭേദഗതികളോടെ ബില്‍ പാസായത് സര്‍ക്കാരിന് ക്ഷീണമായി. മന്ത്രിമാര്‍ ഉള്‍പ്പടെ 30 ഓളം എം.പിമാര്‍ കൂട്ടത്തോടെ സഭയില്‍ ഹാജരാകാതിരുന്നതാണ് ഭേദഗതി പാസാകുന്നതിന് ഇടവരുത്തിയത്. സംഭവം ബിജെപിയെ വെട്ടിലാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ഷം അറിയിച്ചിരുന്നു. സംഭവത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ബിജെപി എംപിമാരോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

സഭ ചേരുമ്പോള്‍ ആവശ്യത്തിന് ബിജെപി അംഗങ്ങള്‍ ഹാജരാകാത്തത് നേരത്തെയും വിമര്‍ശനത്തിനിടയാക്കിയിരുന്നു. ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ കൃത്യമായി ഹാജരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിരുന്നു. അന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram