ന്യൂഡല്‍ഹി: ഹജ്ജ് ചെയ്യാന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് പോകുന്നത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ അസാധുവാക്കിയെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തെ പരിഹസിച്ച് എഐഎംഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. സൗദിയില്‍ നിലവിലുള്ള നിയമം ഇന്ത്യയുടേതാക്കി മാറ്റി ക്രെഡിറ്റ് അടിച്ചു മാറ്റാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദി അറേബ്യയില്‍ നടപ്പിലാക്കിയ നിയമമാണ് ഇപ്പോള്‍ ഇന്ത്യയിലും നടപ്പിലാക്കുന്നതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
പുതിയ തീരുമാനത്തിലൂടെ ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന അനീതി നീങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ചോദ്യം ചെയ്യപ്പെടുമെന്നും ഒവൈസി മുന്നറിയിപ്പ് നല്‍കി. സൗദിയുമായുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് പുരുഷന്റെ സഹായമില്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിന് സൗകര്യമൊരുങ്ങിയത്. തീര്‍ത്ഥാടക സംഘത്തിനൊപ്പമാണെങ്കില്‍ പുരുഷന്റെ തുണയില്ലാത്ത 45 വയസ്സുകഴിഞ്ഞ സ്ത്രീകളെ ഹജ്ജ് അനുഷ്ഠിക്കാന്‍ വര്‍ഷങ്ങളായി സൗദി അനുവദിക്കുന്നുണ്ട്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ഇങ്ങനെ ഹജ്ജിന് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരുഷന്മാര്‍ രക്ഷകര്‍ത്താവായി ഇല്ലാത്ത, 45 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് തുണയില്ലാതെ ഹജ്ജിന് പോവാമെന്ന് കഴിഞ്ഞ ദിവസം പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തിനിടെയാണ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്.
വിവാഹബന്ധം നിഷിദ്ധമായ, ഉറ്റബന്ധുക്കള്‍ക്കോ (മെഹ്റം) ഭര്‍ത്താവിനോ ഒപ്പമല്ലാതെ 45 വയസ്സിനുമുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാനുള്ള അനുമതി ഇതുവരെ നല്‍കിയിരുന്നില്ല. ഇതിന് മാറ്റം വരുത്തിക്കൊണ്ടായിരുന്നു പുതിയ പരിഷ്‌കാരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
പുരുഷന്റെ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ഥാടനം പാടില്ലെന്ന നിയന്ത്രണം കാലങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടി എഴുപതുവര്‍ഷത്തിനുശേഷവും ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. ദശകങ്ങളായി മുസ്ലിംസ്ത്രീകള്‍ വിവേചനം അനുഭവിക്കുകയാണ്. എന്നാല്‍, അതേക്കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ല. പല മുസ്ലിം രാജ്യങ്ങളിലും ഇത്തരത്തില്‍ ഒരു നടപടി നിലവിലില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ വിഷയം എത്തിയപ്പോള്‍ത്തന്നെ നടപടിയെടുത്തു. സ്ത്രീകള്‍ക്ക് പുരുഷതുണയില്ലാതെത്തന്നെ ഇനിമുതല്‍ ഹജ്ജ് അനുഷ്ഠിക്കാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.