ഡല്‍ഹി: പ്രധാനമന്ത്രി മോദിയും അമിത് ഷായും ചേര്‍ന്ന് ഭാരതത്തിലെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചുവെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
രാജ്യത്തിന് നിങ്ങളേല്‍പ്പിച്ച ആഘാതത്തിന്റേയും തൊഴിലില്ലായ്മയുടേയും ഫലമായുള്ള യുവജന പ്രതിഷേധത്തെ നേരിടാനാവുന്നില്ല. അതുകൊണ്ടാണ് നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നത്, ഇന്ത്യക്കാരെല്ലാവരേയും പരസ്പരം സ്‌നേഹിച്ചുകൊണ്ട് മാത്രമേ നമുക്ക് അവരെ പരാജയപ്പെടുത്താനാവൂ എന്ന് രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ധര്‍ണയില്‍ രാഹുലും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം ശക്തമായി പ്രതിഷേധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാവായ രാഹുല്‍ എവിടെയെന്ന് വ്യാപകമായ ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം വിദേശപര്യടനത്തിലാണ് രാഹുലെന്നായിരുന്നു കോണ്‍ഗ്രസ് ഔദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം.
Content Highlights: Rahul Gandhi, Narendra Modi, Amith Shah, CAA, CAA Protest, Rahul Gandhi Twitter