കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം; കെജ്രിവാളിന് സ്റ്റാലിന്റെ ഉപദേശം


പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാമെന്ന് കെജ്രിവാള്‍ സമ്മതിച്ചതിനെ നല്ല നീക്കമായാണ് രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പോരാട്ടങ്ങളില്‍ അണിചേരാന്‍ കോണ്‍ഗ്രസുമായുള്ള ശത്രുത ആം ആദ്മി പാര്‍ട്ടി ഉപേക്ഷിക്കണമെന്ന് ഡിഎംകെ നേതാവ് എംകെസ്റ്റാലിന്റെ ഉപദേശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം അരവിന്ദ് കെജ്രിവാളുമായി സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

'കോണ്‍ഗ്രസിനോട് പ്രതികൂല സമീപനം സ്വീകരിക്കരുത്. വിശാലപ്രതിപക്ഷ സഖ്യം രാജ്യത്തിനാവശ്യമാണ്. താങ്കള്‍ക്കതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കാനാവും.' കെജ്രിവാളിനോട് സ്റ്റാലിന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും തമ്മില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയതായാണ് വിവരം.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുളളയും കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി ബന്ധത്തെക്കുറിച്ച് സമാന അഭിപ്രായം മുമ്പ് രേഖപ്പെടുത്തിയിരുന്നു. ഈഗോയും സൂക്ഷിച്ചിരുന്നാല്‍ നഷ്ടങ്ങളേ ഉണ്ടാവൂ എന്നായിരുന്നു കോണ്‍ഗ്രസിനെ ഒമര്‍ അബ്ദുള്ള ഓര്‍മ്മിപ്പിച്ചത്. കോണ്‍ഗ്രസ് ഒരിക്കലും തങ്ങളോട് മൃദുസമീപനം സ്വീകരിച്ചിട്ടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. രാഹുല്‍ ഗാന്ധി തങ്ങളെ നേരിട്ട് സമീപിക്കാത്തിടത്തോളം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ആദ്യമായി വേദി പങ്കിട്ടത് കഴിഞ്ഞ നവംബര്‍ 30നായിരുന്നു. കര്‍ഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യുന്ന വേദിിലായിരുന്നു അത്. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും കെജ്രിവാള്‍ പങ്കെടുത്തിരുന്നു. വിശാലപ്രതിപക്ഷ സഖ്യത്തിന്റെ ശക്തിപ്രകടന വേദിയായാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിളിച്ചുചേര്‍ത്തിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാമെന്ന് കെജ്രിവാള്‍ സമ്മതിച്ചതിനെ നല്ല നീക്കമായാണ് രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍്ഗ്രസുമായി സഖ്യം ചേരാനുള്ള കെജ്രിവാളിന്റെ നീക്കങ്ങള്‍ 2013ല്‍ തന്നെ പരാജയപ്പെട്ടിരുന്നു. അന്ന് കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചതുകൊണ്ടാണ് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞത്. എന്നാല്‍, 49 ദിവസങ്ങള്‍ മാത്രമേ ആ ബന്ധം നിലനിന്നുള്ളു. അന്നു മുതല്‍ കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ശക്തമായി വിമര്‍ശിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇരു പാര്‍ട്ടികളും തമ്മില്‍ പഞ്ചാബിലും ഹരിയാനയിലും ശക്തമായ വൈരമാണ്
നിലനില്‍ക്കുന്നത്.

content highlights: MK Stalin-Arvind Kejriwal meeting ,MK Stalin, Arvind Kejriwal, AAP-Congress alliance

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram