'പ്രാദേശിക ഭാഷാ സിനിമയ്ക്ക് ഹിന്ദി സബ് ടൈറ്റിൽ': അനുവദിക്കില്ലെന്ന് സ്റ്റാലിന്‍


എല്ലാ പ്രാദേശിക ഭാഷകള്‍ക്കും അതിന്റേതായ ബഹുമാനം നല്‍കണം

ചെന്നൈ: പ്രാദേശിക ഭാഷാ സിനിമകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഹിന്ദി ഭാഷയെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സിനിമകള്‍ക്ക് ഹിന്ദി സബ്‌ടൈറ്റില്‍ കൊടുക്കുകയോ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുകയോ ചെയ്യണമെന്നും എൻഎഫ്ഡിസിക്ക് എല്ലാ സിനിമകളുടേയും തിരക്കഥ ഹിന്ദിയിൽ നൽകണമെന്നുമുള്ള പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം രാഷ്ട്രപതി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് ശക്തമായ വിമര്‍ശവുമായി എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയത്.

എല്ലാ പ്രാദേശിക ഭാഷകള്‍ക്കും അതിന്റേതായ ബഹുമാനം നല്‍കണം. അവയ്ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് പോറലേല്‍പ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത് . ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്ററി സമമതിയുടെ റിപ്പോർട്ടിന്റെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി (സി.ബി.എസ്.ഇ) സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പത്താംക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് പ്രാദേശിക ഭാഷാ സിനിമകള്‍ക്കുള്ളിലും ഹിന്ദി സബ്‌ടൈറ്റില്‍ എന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram