ലക്നൗ: യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഉത്തര്‍പ്രദേശില്‍ നാളെ നിര്‍ണായക യോഗങ്ങള്‍. മുഖ്യമന്ത്രി അഖിലേഷ് യാദവും അദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടി അധ്യക്ഷനുമായ മുലായംസിങ് യാദവും ശനിയാഴ്ച എംഎല്‍എമാരുടെ യോഗം വിളിച്ചു.
രാവിലെ 9.30 നാണ് അഖിലേഷ് വിളിച്ചുചേര്‍ത്ത യോഗം. മുലായത്തിന്റെ യോഗം 11 നും. അഖിലേഷിന് പകരം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനാണ് മുലായത്തിന്റെ യോഗം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ അഖിലേഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കുന്നതിനുള്ള കരുനീക്കമാണ് നടത്തുന്നത്. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള തീരുമാനവും അഖിലേഷിന്റെ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
അഖിലേഷ് യാദവിന് അനുകൂലമായി അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ അണികള്‍ രാത്രി വൈകിയും മുദ്രാവക്യം വിളിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മുലായം സിങിന്റെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവിന്റെ വീടുകള്‍ക്ക് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവരുടെ വീടുകള്‍ക്ക് സമീപവും അഖിലേഷ് അനുകൂലികള്‍ മുദ്രാവക്യം വിളിച്ചെത്തിയിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അഖിലേഷിനേയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാം ഗോപാല്‍ യാദവിനേയും ആറു വര്‍ഷത്തേക്കാണ് സമാജ്വാദിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിയില്‍ ഏറെ നാളായി നിലനിന്നിരുന്ന കുടുംബവഴക്ക് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അഖിലേഷ് അനുകൂലികളെ വെട്ടിനിരത്തി ശിവ്പാല്‍ യാദവ് പട്ടിക പ്രഖ്യാപിച്ചതിനെതിരെ അഖിലേഷ് യാദവും ബദല്‍ പട്ടിക തയ്യാറാക്കുകയായിരുന്നു.