ലക്‌നൗ: വാരണസി സന്ദര്‍ശനത്തിനിടെ ദളിതര്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ചെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം തെറ്റാണെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവാതി. ദളിതര്‍ക്കൊപ്പമാണ് അമിത് ഷാ ഭക്ഷണം കഴിച്ചതെങ്കിലും അദ്ദേഹത്തിനായി ഭക്ഷണം പാകം ചെയ്ത് നല്‍കിയത് ഉന്നതജാതിയില്‍പെട്ട ഒരാളാണെന്നാണ് മായാവതിയുടെ ആരോപണം.
തന്റെ പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ രാം കുമാര്‍ കുറീലീന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഭക്ഷണം പാകം ചെയ്ത ആളെ തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മായാവതി പറഞ്ഞു.
അമിത് ഷായോടൊപ്പം വാരണസിയില്‍ എത്തിയ 250 പേരില്‍ ആകെ 50 പേര്‍ മാത്രമേ ദളിതര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ തയ്യാറായുളളൂവെന്നും ഇത് ബി.ജെ.പിയുടെ ജാതി ചിന്തയുടെ പ്രതിഫലനമാണെന്നും രാം കുമാര്‍ കുറീല്‍ ആരോപിച്ചു.
അവിടെ എത്തിയവരിലേറെ ബിന്ദ് സമുദായക്കാരായിരുന്നുവെന്നും കുറച്ച് ദളിതര്‍ മാത്രമേ ഉണ്ടായിരുന്നുളളുവെന്നും, ഇത്തരമൊരു വിരുന്നിന് പിറകില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായുളള രാഷ്ട്രീയ ഉദ്ദേശം മാത്രമേ ഉളളൂ എന്നും രാംകുമാര്‍ ആരോപിച്ചു. കുറച്ചുദളിതരേയും കൂട്ടിയെത്തിയ അമിത് ഷാ അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് വാര്‍ത്തസൃഷ്ടിക്കുക മാത്രമാണ് ചെയ്തത്.
വാരണസി വിമാനത്താവളത്തില്‍ നിന്ന് അലഹാബാദിലേക്കുളള യാത്രക്കിടെ ജോഗിയാപൂരില്‍ വിശ്രമത്തിനായി ഇറങ്ങിയ അമിത്ഷാ അവിടെയുളള ദളിതനായ ഗിരിജപ്രസാദി ബിന്ദിന്റെ വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചത്.
'ഇന്ത്യയുടെ തനത് സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും വസുധൈവ കുടുംബകം എന്ന ആശയമാണ് ബി.ജെ.പി പിന്തുടരുന്നതെന്നും' വാരണസിയില്‍ എത്തിയ അമിത്ഷാ പറഞ്ഞിരുന്നു.